തിരുവനന്തപുരം:നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമം സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണ്. കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരം പ്രവണതകള്‍ വെച്ചു പുലര്‍ത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. നാളിതുവരെയും കേരളത്തിലെ യാതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ഒരു പ്രത്യേക മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആള്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്.
ഇത്തരം പ്രവണതകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ , അത് ഏത് പാര്‍ട്ടിയില്‍പ്പെട്ടവരായാലും മാറി നില്‍ക്കണമെന്നും കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെയും മതേതര സ്വഭാവം തകര്‍ക്കാനുള്ള യാതൊരു നീക്കത്തെയും അതിശക്തമായി എതിര്‍ക്കുമെന്നും ആര്യ കുറിപ്പില്‍ പറയുന്നു.
