തിരുവനന്തപുരം: സമര ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെയും, ഈ മാസം അഞ്ചിന് പണിമുടക്കിയവരുടെയും ശമ്പളം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ പണിമുടക്ക് ദിവസങ്ങള്‍ ഡയസ്നോണ്‍ ആയി കണക്കാക്കുമെന്നും ഇവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്.
മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്നും വിട്ട് നിന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. ഇത്തരത്തില്‍ ജോലിയില്‍ നിന്നും വിട്ട് നിന്നവരുടെ പട്ടിക അടിയന്തിരമായി സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ പട്ടിക സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് എതിരായാണ് ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ മാര്‍ച്ച് 28, 29 തീയ്യതികളില്‍ പണിമുടക്കിയത്. അന്ന് 13 ശതമാനം ജീവനക്കാര്‍ മാത്രമായിരുന്നു ജോലിക്ക് എത്തിയത്. ഇതിന് ശേഷം ശമ്പളം ലഭിക്കാത്തിതിനെ തുടര്‍ന്ന് മുന്ന് ദിവസങ്ങളില്‍ കൂടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്ന നിലയുണ്ടായി. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ നടപടി പുരോഗമിക്കെയാണ് ദേശീയ പണിമുടക്ക് ദിനത്തിലേക്ക് കൂടി വകുപ്പ് നടപടി വ്യാപിപ്പിക്കുന്നത്.
