കൊച്ചി: ദേശീയ പാത വികസനത്തിനായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയങ്ങളില്‍ ഇടപെടില്ലായെന്നും കോടതി വ്യക്തമാക്കി.
കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊല്ലം സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു കോടതി നിലപാട് . ‘ദൈവം സര്‍വ്വവ്യാപിയാണ്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയോടും, പരാതി നല്‍കിയ ഹര്‍ജിക്കാരനോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ദൈവം ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തിന് ദേശീയ പാതയുടെ വികസനം ആവശ്യമാണ്. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്റെ ഭാഗമാണ്. അതിനാല്‍ നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയങ്ങളില്‍ ഇടപെടില്ല. കോടതിയുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായാല്‍ ദേശീയപാത വികസനം പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. പൊതു താല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി ഉടമകള്‍ സഹകരിക്കണം. അവരുടെ വികാരം മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും കോടതി പറഞ്ഞു
