തിരുത്തൽ നടപടി

സഞ്ജയ് ദേവരാജൻ

ഈ വരുന്ന ട്വന്റി20 വേൾഡ് കപ്പ് കഴിയുന്നതോടെ വിരാട് കോഹ്‌ലി ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുന്നു എന്ന പ്രഖ്യാപനമുണ്ടായി. ഇന്ത്യൻ ക്രിക്കറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും അതിൽ ഒരു അത്ഭുതം തോന്നുകയില്ല.

2014 മുതൽ ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്ലി. 2017 ഓടുകൂടി മൂന്നു ഫോർമാറ്റിലും നയിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ആയി മാറി. മറ്റ് രാഷ്ട്രങ്ങൾ എല്ലാം ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകൾക്ക് പ്രത്യേകം ക്യാപ്റ്റൻമാരെ നിയമിച്ചു മുന്നോട്ടു പോയപ്പോൾ ഇന്ത്യ മാത്രം മൂന്നു ഫോർമാറ്റിലും ഒരേ ക്യാപ്റ്റനെന്ന നയം പിന്തുടരുകയാണ് ഉണ്ടായത്.

സച്ചിൻ, ധോണി യുഗങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് അടക്കിവാഴുന്ന രാജാവായി വിരാട് കോഹ്ലി മാറി. കളിക്കളത്തിലെ ഏറ്റവും അഗ്രസീവ് ആയ ഇന്ത്യൻ ക്യാപ്റ്റൻ. ക്യാപ്റ്റൻ ആയപ്പോഴും ബാറ്റിംഗ് പെർഫോമൻസിൽ മികച്ചു തന്നെ നിന്നു. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി പോലെയുള്ള വേൾഡ് ക്ലാസ് ബാറ്റ്സ്മാർ ക്യാപ്റ്റൻസി യുടെ ഭാരം ഉണ്ടായിരുന്നപ്പോൾ ബാറ്റിംഗിൽ പിന്നോക്കം പോകുന്നത് കണ്ടുനിന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വിരാട് കോഹ്ലി ഒരു അത്ഭുതം തന്നെയായിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ ആയി വിരാട് കോഹ്ലി മാറിയശേഷം, ബാറ്റിംഗ് പെർഫോമൻസിലും , വിജയങ്ങളിലും ഇന്ത്യ മുന്നിട്ട് നിൽക്കുമ്പോൾ പോലും ഒരൊറ്റ ഐസിസി ട്രോഫി പോലും ഇന്ത്യയിലേക്ക് എത്തിയില്ല എന്നുള്ളത് ഇതിനിടയിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ്.

വിരാട് കോലിയുടെ ക്യാപ്റ്റൻസി യുടെ റിക്കാർഡിൽ നാം ഊറ്റം കൊള്ളുമ്പോൾ, ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ന് ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളിൽ പ്രതിഭ ദാരിദ്ര്യം ഉണ്ടാവുകയും. പഴയകാല ഓസ്ട്രേലിയ ടീമിന്റെയോ ദക്ഷിണാഫ്രിക്കൻ ടീമിന്റെയോ അടുത്തെത്തുന്ന ടീമുകൾ അല്ല ഇന്നുള്ളത്. ഇംഗ്ലണ്ടും പാകിസ്താനും ശ്രീലങ്കയും ഒക്കെ ഇതേ അവസ്ഥയിൽ തന്നെയാണ്.

എന്നാൽ ഇന്ന് ലോകത്തിലെ മികച്ച പ്രതിഭയുള്ള കളിക്കാർ ഉള്ള ഏറ്റവും ശക്തമായ ടീം ഇന്ത്യയുടേതാണ് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശ പിച്ചുകളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള ബാറ്റ്സ്മാന്മാരും ബൗളർമാരും, ഫീൽഡിങ് ലോകോത്തര പ്രകടനം. ഇന്ത്യൻ റിസർവ് ബെഞ്ച് പോലും പ്രതിഭകളാൽ സമ്പന്നമാണ്. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഒരു ഐസിസി ട്രോഫി പോലും ഈ കാലയളവിൽ നേടാൻ കഴിയുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടവർ ക്യാപ്റ്റൻ വിരാട് കോഹ്ലിയും, കോച്ചു രവിശാസ്ത്രിയും തന്നെയാണ്.

രവിശാസ്ത്രിക്ക് മുൻപേ കർക്കശക്കാരനായ അനിൽ കുംബ്ലെയെ ഇന്ത്യൻ കോച്ചായി നിയമിക്കുകയുണ്ടായി. പരിശീലനത്തിനും, ഫിറ്റ്നസ്സിനും ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത കോച്ചു ആയിരുന്നു അനിൽ കുംബ്ലെ. അനിൽ കുംബ്ലെ യുടെ കർക്കശ നിലപാടുകളോട് യോജിക്കാൻ കഴിയാതെ വിരാട് കോഹ്ലി കലാപക്കൊടി ഉയർത്തി. ബി.സി. സി. ഐ കുംബ്ലെയെ മാറ്റി വിരാട് കോഹ്ലിയുടെ ഇഷ്ടക്കാരനായ രവിശാസ്ത്രിയെ ഇന്ത്യൻ കോച്ച് ആയി നിയമിച്ചു.

തുടർന്ന് പലപ്പോഴും വിരാട് കോഹ്ലി എടുക്കുന്ന ഏകപക്ഷീയമായ നിലപാടുകളും, കളിയോടുള്ള അലസ മനോഭാവവും, തന്ത്രങ്ങളിൽ ഉള്ള വീഴ്ചകളും, മികച്ച പ്രതിഭയുള്ള കളിക്കാർ ഉണ്ടായിട്ടുപോലും ഐസിസി ട്രോഫികൾ ഇന്ത്യയിൽനിന്ന് അകന്നുനിൽക്കാൻ കാരണമായി. പ്രതിഭ ദാരിദ്ര്യം ഉള്ള ടീമുകൾ നയിച്ചിരുന്ന അസ്ഹറുദ്ദീന്റെയും , സൗരവ് ഗാംഗുലിയുടെയും കാലഘട്ടത്തിൽ നിരവധി ഐസിസി ട്രോഫികൾ ഇന്ത്യ നേടുകയുണ്ടായി.

ഇക്കഴിഞ്ഞ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കോച്ച് രവിശാസ്ത്രിയും മറ്റും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പല പൊതു പരിപാടികളിലും പങ്കെടുക്കുകയും, തുടർന്ന് കോവിഡ് പിടിപെടുകയും, അവസാന ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടി വരികയും ചെയ്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനും, ബി സി സി ഐ കും നാണക്കേടുണ്ടാക്കിയ സംഭവമായി.

32 കാരനായ വിരാട് കോഹ്ലി വരുന്ന 20- 20 ലോകകപ്പ് കഴിയുന്നതോടെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറി 34 വയസ്സുള്ള രോഹിത് ശർമയ്ക്ക് ട്വന്റി ട്വന്റി ക്യാപ്റ്റൻസി കൈമാറുന്നു. കോച്ച് രവി ശാസ്ത്രിയുടെ കാലാവധി പുതുക്കുന്നതും ഇല്ല. ഇന്ത്യൻ ടീമിലെ അച്ചടക്കരാഹിത്യം തിരുത്താനും, പുതിയ ഒരു ദിശാബോധം നൽകാനും ഉള്ള ബിസിസിഐയുടെ ശക്തമായ ശ്രമമായി നമുക്ക് ഈ തീരുമാനങ്ങളെ കാണാം.

  • സഞ്ജയ് ദേവരാജൻ

Leave a Reply

Your email address will not be published. Required fields are marked *