തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകർ ഇനി നിങ്ങളുടെ വാഹനങ്ങളും പരിശോധി ച്ചേക്കാം, യാത്രവേളയിൽ അൻപതിനായിരം രൂപക്ക് മുകളിൽ കൈവശം വച്ചിരിക്കുന്നവർ വ്യക്തമായ രേഖകൾ കരുതുക.

തിരുവനന്തപുരം: അന്‍പതിനായിരം രൂപയും അതിന് മുകളിലുമുള്ള തുകയും അത്രയും മൂല്യമുള്ള സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണത്തിനും സ്വര്‍ണത്തിനും മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും നിയമപ്രകാരമുള്ള രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ അവ പിടിച്ചെടുക്കും. പിന്നീട് രേഖകള്‍ സഹിതം ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ മോണിറ്ററിംഗ് സമിതിയ്ക്ക് അപ്പീല്‍ നല്‍കാമെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചു നല്‍കൂ.

രേഖകളില്ലെങ്കില്‍ പോലീസ് കേസെടുത്ത് നിയമാനുസൃത നടപടി കൈക്കൊള്ളും. 10 ലക്ഷത്തില്‍ കൂടുതല്‍ തുകയോ അത്രയും മൂല്യമുള്ള വസ്തൂക്കളോ ആണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറും. ഐടി ആക്ട് പ്രകാരം തുടര്‍ നടപടിയും സ്വീകരിക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലാകാതിരിക്കാന്‍ കൂടിയാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വേണ്ടി നോഡല്‍ ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *