തലപ്പാവ് ഇല്ലാതെ കോണ്‍ഗ്രസ് ഇനി എത്ര നാള്‍…?

ഷോഹിമ ടി.കെ

ഒരുകാലത്ത് ഇന്ത്യയില്‍ ഭരണ തലപ്പത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി വീണ്ടും പാര്‍ട്ടിയുടെ പതനത്തെ വ്യക്തമാക്കി കൊണ്ടിരിക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു. മൂന്നുവര്‍ഷം ആയിട്ട് മുഴുവന്‍സമയ അധ്യക്ഷന്‍ ഇല്ലാത്ത ദേശീയ പാര്‍ട്ടി ഇന്ത്യയിലോ നമ്മുടെ ചരിത്രത്തില്‍ എവിടെ എങ്കിലുമോ ഉണ്ടോ എന്നതാണ് ചോദ്യം.

രാജ്യം ഭരിക്കേണ്ടുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ കുറച്ച് നാള്‍ മാത്രം എടുക്കുമ്പോള്‍ കോണ്‍ഗ്രസിന് അവരുടെ അധ്യക്ഷനെ കണ്ടെത്താന്‍ വേണ്ടത് വര്‍ഷങ്ങളാണ്. താല്‍ക്കാലികമായി അധ്യക്ഷസ്ഥാനത്ത് സോണിയാഗാന്ധി വന്നിരുന്നെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനുള്ള ആരോഗ്യസ്ഥിതി അവര്‍ക്കില്ല.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അവരുടെ അധ്യക്ഷസ്ഥാനം ഒരാള്‍ക്ക് നല്‍കാത്തത്? അധ്യക്ഷന്‍ ഇല്ലാതെ പാര്‍ട്ടി പിരിച്ചു വിടുന്നതല്ലേ നല്ലത്? കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസിന്റെ കുഴി തോണ്ടി കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവില്‍ കണ്ടുവരുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് യോഗ്യരായ പലരും ഉള്ളപ്പോഴും അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് ദയനീയം തന്നെ. ശശി തരൂര്‍, സച്ചിന്‍ പൈലറ്റ്, മനീഷ് തിവാരി, ഡി കെ ശിവകുമാര്‍ തുടങ്ങി പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ജനപ്രിയ മുഖങ്ങളെ പാര്‍ട്ടി തലപ്പത്തേക്ക് എത്തിച്ചാല്‍ എന്താണ് കുഴപ്പം. ഒരുകാലത്ത് ഇന്ത്യയില്‍ എല്ലാമായിരുന്ന ഒരു പാര്‍ട്ടി. ഇന്നോ………ഒരു അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി.

ഇങ്ങനെ പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അധിക നാള്‍ ഉണ്ടാവില്ലെന്നുള്ളത് വാസ്തവം. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അവശേഷിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കും ഇനി അധികനാള്‍ ബാക്കി ഇല്ലെന്നുള്ള കാര്യം കോണ്‍ഗ്രസ് ഓര്‍ക്കേണ്ടി ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *