കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ പി സി ജോർജ്. ലോകം മുഴുവന്‍ ഞായാറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പോലീസിനെന്ത് കാര്യം. പോലീസ് തനിക്ക് നാല് നോട്ടീസാണ് അയച്ചത്. തന്നെ കളിയാക്കുകയാണ് ഈ വിവരം കെട്ടവന്മാര്. തനിക്ക് വരാന്‍ കഴിയില്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗ കേസിൽ ഞായറാഴ്ച ഹാജറാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചതിനെ വിമശിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മാര്‍ മിലിത്തിയോസ് ഇടതുപക്ഷക്കാരനും പിണറായിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണെന്നും ജോര്‍ജ് പറഞ്ഞു. പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാവില്ലെന്ന് കഴിഞ്ഞദിവസം തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പോലീസിന് മുന്നില്‍ ഹെലികോപ്ടറില്‍ പോയി ഹാജരാകാന്‍ താന്‍ ഇന്നലെ ശ്രമം നടത്തിയിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
‘ഞാന്‍ എന്‍.ഡി.എയുടെ ഭാഗമല്ല. ഞാന്‍ പങ്കുവെച്ച ആശയങ്ങള്‍ ശരിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഏതോ ഒരു ബിഷപ്പ് എന്തോ പറഞ്ഞു, എനിക്കത് കേട്ടപ്പോള്‍ ചിരിവന്നു. ഞാന്‍ ഒരു പിതാക്കന്മാരേയും നികൃഷ്ടജീവിയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ച ആളിന് വേണ്ടി ജോലി ഏറ്റെടുക്കുന്നത് അപമാനകരമാണ്. പിണറായിപക്ഷക്കാരനായത് കൊണ്ടാണ് ഈ ബിഷപ്പ് അങ്ങനെ പറഞ്ഞതെന്ന് കരുതുന്നു. തന്നേയും പിണറായി നികൃഷ്ടജീവിയെന്നാണ് വിളിക്കുന്നതെന്ന് ഇയാള്‍ ഓര്‍ത്താല്‍ നന്ന്’- പി.സി. ജോര്‍ജ് പറഞ്ഞു.
