പശ്ചിമ ഡൽഹിയിലെ ബിജെപി മുൻ വൈസ് പ്രസിഡന്റായിരുന്ന ജിഎസ് ബവ(58)യെയാണ് വീടിനടുത്തുള്ള പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്. പാർക്കിനുള്ളിൽ തടകത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.വൈകിട്ട് ആറ് മണിയോടെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടതായി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയതിന് ശേഷമാണ് മരിച്ചത് ബിജെപി നേതാവാണെന്ന് വ്യക്തമായത്.
അതേസമയം, ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ബിഎസ് ബവയ്ക്ക് കുടുംബ പ്രശ്നങ്ങൾ ഉള്ളതായി സൂചനയുണ്ടെങ്കിലും മറ്റു വശങ്ങളും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. നേതാവിന്റെ മരണത്തിൽ ബിജെപിയും പ്രതികരിച്ചിട്ടില്ല.
മാർച്ച് പതിനേഴിന് ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമയെ(62) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ന്യൂഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടുമൊരു ബിജെപി നേതാവിന്റെ മരണം.
കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി എംപിയായിരുന്ന മോഹൻ ദേൽകർ(58) നേയും കഴിഞ്ഞ മാസം മുംബൈയിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. നാല് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയടക്കം പരാമർശങ്ങളുണ്ടെന്നാണ് സൂചന. ഗുജറാത്തി ഭാഷയിലാണ് കുറിപ്പ്.

 
                                            