ഡ്രൈവ് ത്രൂ വാക്‌സിനേഷന് മികച്ച പ്രതികരണം; മറ്റ് ജില്ലകളിലും ഇതേ മാതൃക പിന്തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ഡ്രൈവ് ത്രൂ വാക്‌സിനേഷന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ലഭിച്ചത്. സ്വന്തം വാഹത്തിലും, ഓട്ടോറിക്ഷ, ടാക്‌സികളില്‍ എത്തി നിരവധി പേരാണ് അതില്‍ ഇരുന്ന് തന്നെ വാക്‌സിന്‍ സ്വീകരിച്ചത്. മറ്റ് ജില്ലകളിലും ഇതേ മാതൃക പിന്തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിനാണ് തുടക്കമായത്.

തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. വാക്സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തിലിരുന്ന് വാക്‌സിന്‍ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത.

വാഹനത്തില്‍ തന്നെ ഒബ്‌സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്‌സിനേഷന്‍ പ്രക്രിയകള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ജനങ്ങളും മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി വാക്‌സിന്‍ ലഭ്യമാക്കും എന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബറിന് മുന്‍പ് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു. ഇതിനായുള്ള സ്‌പോട്ട് ഇന്ന് മുതല്‍ എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പണ്‍ ആകും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ട്രിവാന്‍ഡ്രം എഹെഡ് (trivandrum ahead)എന്ന സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *