ഡോ.സോഹൻ റോയിയ്‌ക്ക് “ബെറ്റർ വേൾഡ് ഫണ്ട്യൂണിറ്റി പുരസ്കാര”ത്തിലൂടെ ആദരം; ഭാരതത്തിന് ഇത് ആദ്യം

 ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത് ഉത്തരവാദിത്വത്തോടു കൂടി മൈനിംഗ് നടത്തുക എന്ന സന്ദേശം ലോകം മുഴുവൻ പരത്തുന്ന ബെറ്റർ വേൾഡ് ഫണ്ടിൻ്റെ അഞ്ചാമത് യൂണിറ്റി പുരസ്കാരത്തിന് മലയാളിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് അർഹനായി. പാരീസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ജൂലൈ 12ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പ്രമുഖ ഹോളിവുഡ് സംവിധായകരായ ബാരി അലക്സാണ്ടർ,ബ്രൗൺ സ്പൈക്ക് ലീ  തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.  മുൻപ് ഈ പുരസ്കാരം ലഭിച്ചവരിൽ നോബൽ , ഓസ്കാർ , ഗ്രാമി അവാർഡ് ജേതാക്കളും ഉൾപ്പെട്ടിരുന്നു. മൊണോക്കോയിലെ രാജാവ് ഹിസ് ഹൈനസ് പ്രിൻസ് ആൽബർട്ട് രണ്ടാമൻ, പ്രശസ്ത ഹോളിവുഡ്  താരങ്ങളായ ഫോറസ്റ്റ് വിറ്റേക്കർ, ഷാരോൺ സ്റ്റോൺ, വിം വേണ്ടേഴ്സ് തുടങ്ങിയവരായിരുന്നു മുൻ വർഷങ്ങളിലെ ബെറ്റർ വേൾഡ് ഫണ്ട് പുരസ്കാര ജേതാക്കൾ.ഇത് ആദ്യമായാണ് ഒരു ഭാരതീയന് ഈ പുരസ്കാരം ലഭിക്കുന്നത്.

പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ്  മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്കാരത്തിന് ഡോ. സോഹൻ റോയിയെ അർഹനാക്കിയത്.  കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ബ്ലാക്ക് സാൻഡ് ‘ എന്ന ഡോക്യുമെന്ററി, ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതടക്കം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ പതിനാലോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. പ്രശസ്ത ഫുട്ബോൾ താരം ഐ. എം വിജയനെ നായകനാക്കി അദ്ദേഹം നിർമ്മിച്ച ‘മമ് – സൗണ്ട് ഓഫ് പെയിൻ ‘ എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ഇത്.

പ്രകൃതി സംരക്ഷണത്തിന്റെ അഭാവത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ, ഏറ്റവും ഭീകരമായ അണക്കെട്ട് ദുരന്തങ്ങളുടെ കഥ പറയുന്ന ‘ഡാംസ് – ദി ലെത്തൽ വാട്ടർ ബോംബ്സ് ‘ എന്ന ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ ഒന്നായിരുന്നു ഇത് . അദ്ദേഹം തുടർന്ന് സംവിധാനം ചെയ്ത ‘ഡാം 999’ എന്ന ചലച്ചിത്രം, നൂറ്റി മുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ മുഖ്യധാരയിൽ നിന്ന് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറുകയും ചെയ്തിരുന്നു.  വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ  ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ ഒരു ചലച്ചിത്രമാണ്  ഇത്. മുല്ലപ്പെരിയാർ പ്രക്ഷോഭം ആളിപ്പടരാൻ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്.

പരിസ്ഥിതി സൗഹാർദ്ദപരമായ സംരംഭങ്ങൾ ആരംഭിച്ച് വിജയിപ്പിച്ച് ലോകത്തിലെ ഒന്നാം നിലയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹൻ റോയ്. അദ്ദേഹം ചെയർമാനും സി ഇ ഒയുമായ എരീസ് ഗ്രൂപ്പിന്റെ സംരംഭങ്ങളിൽ ഒന്നായ “ഏരീസ് ഗ്രീൻ സൊല്യൂഷൻസ് “,  ചരിത്രനേട്ടങ്ങൾ പാരിസ്ഥിതികരംഗത്ത് കൈവരിച്ചിട്ടുണ്ട്.  ബാലസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റംസ്  (ബിഡബ്ല്യുടിഎസ്), എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സിസ്റ്റംസ്  (ഇജിസിഎസ്) എന്നിങ്ങനെ കപ്പലുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്ന  ആയിരത്തി അഞ്ഞൂറിലേറെ ‘റിട്രോഫിറ്റ്  എഞ്ചിനീയറിംഗ് പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഈ രംഗത്തെ ലോക ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കിയ സ്ഥാപനമാണിത്.   ലോകത്ത് രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥാപനത്തിന് അഞ്ഞൂറോളം പ്രോജക്ടുകൾ മാത്രം നിർവഹിക്കാൻ സാധിച്ച സ്ഥാനത്താണ് ഈ അപൂർവ നേട്ടം.  കഴിഞ്ഞവർഷം  ഗ്രീസിലെ ഏഥൻസിൽ നടന്ന അന്താരാഷ്ട്ര ഗ്രീൻ ഷിപ്പിംഗ് ആൻഡ് ടെക്നോളജി (ജിഎസ്ടി ) ഉച്ചകോടിയിൽ “മികച്ച ഗ്രീൻ മാരിടൈം കൺസൾട്ടന്റിനുള്ള” പുരസ്കാരവും ‘ഏരീസ്  ഗ്രീൻ സൊല്യൂഷൻസ് ‘ നേടിയിരുന്നു.

 ട്രില്യൺ ഡോളർ മൂല്യമുള്ള  ലോക വിനോദ വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പത്ത് ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ‘പ്രൊജക്റ്റ്‌ ഇൻഡിവുഡ് ‘ എന്ന ഒരു സംരംഭത്തിനും അദ്ദേഹം തുടക്കം കുറിച്ചു.  പല വിഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ഭാരതത്തിലെ സിനിമാ വ്യവസായ മേഖലയെ ഇൻഡിവുഡ് എന്ന ബ്രാൻഡിന് കീഴിൽ സംയോജിപ്പിച്ചുകൊണ്ട് ,  ആഗോള വിനോദ വ്യവസായരംഗത്തെ ഏറ്റവും മൂല്യമുള്ള ഒരു ബ്രാൻഡ് ആയി അതിനെ മാറ്റിയെടുക്കുക എന്ന ആശയമായിരുന്നു അതിന് പിന്നിൽ.   രാമോജി ഫിലിം സിറ്റി അടക്കമുള്ള വേദികളിൽ ‘ഇൻഡിവുഡ് ഫിലിം കാർണിവൽ ‘ എന്ന പേരിൽ വിനോദ മേളകളും  ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

 ഇത്തരത്തിൽ, കഴിഞ്ഞ ഒരു ദശകത്തിൽ അധികമായി പാരിസ്ഥിതിക അവബോധവും  ചലച്ചിത്ര മേഖലയുടെ നവീകരണവും അടക്കമുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഈ പുരസ്കാരത്തെ  കാണുന്നുവെന്നും ഇനിയും ഈ ദിശയിലുള്ള എളിയ ശ്രമങ്ങൾ തുടരുമെന്നും ഏരീസ് ഗ്രൂപ്പ് മാനേജ്മെന്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *