ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സി ബസുകള്‍ തിരികെ കൊണ്ടു പോകുന്നു

പാലാ: കെ എസ് ആര്‍ ടി സി നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ നിന്നും ബസുകള്‍ തിരികെ കൊണ്ടുപോയി. ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി ഡിപ്പോകളില്‍ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയത്. ഏറ്റവും കൂടുതല്‍ ബസുകള്‍ തിരികെ എടുത്തത് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമാണ്. ഇരുപതെണ്ണം. അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായിട്ടാണ് ഇവ തിരികെ കൊണ്ടുപോയിരിക്കുന്നതെന്നാണ് ഇതേക്കുറിച്ച് കെ എസ് ആര്‍ ടി സി നല്‍കിയിരിക്കുന്ന വിശദീകരണം.

ഈരാറ്റുപേട്ട ( 20 ബസുകള്‍), വൈക്കം (19), പാലാ (18), പൊന്‍കുന്നം (16), കോട്ടയം (15), എരുമേലി(7) എന്നീ ഡിപ്പോകളില്‍ നിന്നുമാണ് ബസുകള്‍ തിരികെ കൊണ്ടുപോയത്. ഡിപ്പോകളില്‍ ഇനി മുതല്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. പുതിയ സര്‍വ്വീസുകള്‍ അനുവദിക്കുമ്പോഴും അറ്റകുറ്റപണികള്‍ക്കു വേണ്ടി സര്‍വീസിലുള്ള ബസുകള്‍ മാറ്റുമ്പോഴും ആവശ്യമായ ബസുകള്‍ അതത് ഡിപ്പോകള്‍ക്കു ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സര്‍വ്വീസുകള്‍ ഇല്ലാതെ ഡിപ്പോകളില്‍ ബസുകള്‍ കടന്ന് നശിക്കപ്പെടുന്നത് ഒഴിവാക്കാനും ബസുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ ബസുകള്‍ ലഭ്യമാക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ അവകാശപ്പെടുന്നു. സിഎന്‍ജി, ഇലക്ട്രിക്കല്‍ സംവീധാനമൊരുക്കല്‍ മുതലായവ നടത്തി ആധുനീകരിക്കലും ലക്ഷ്യമിടുന്നുണ്ട്.

കെ എസ് ആര്‍ ടി സി പുതുതായി ലഭ്യമാക്കുന്ന മിനി ബസുകളില്‍ പത്തെണ്ണം പാലായ്ക്ക് ലഭ്യമാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയും കെ എസ് ആര്‍ ടി സി അധികൃതരുമായി എം എല്‍ എ ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള ചെറിയ റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ മിനി ബസുകള്‍ ആവശ്യമാണെന്ന് കാപ്പന്‍ ചൂണ്ടിക്കാട്ടി. പാലായില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *