ന്യൂഡല്‍ഹി: രാജ്യത്ത് ട്രാസ്ജെന്‍ഡറായ ആളുകള്‍ക്ക് സംവരണം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇവര്‍ക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലുമുള്ള 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടാന്‍ സാധിക്കും.
ഇത് സംബന്ധിച്ച് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്കവിഭാഗ കമ്മിഷനുമായും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ ആയ ആളുകളെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ചും, അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വിഭാഗത്തിലാണെന്നുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ക്കാര്‍ നടപടി.
ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.
