ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
രാജസ്ഥാന്‍, അസം, പശ്ചിമ ബംഗാള്‍, കേരളം എന്നിവയുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ള എട്ട് ജില്ലകളില്‍ അതീവ ജാഗ്രതവേണമെന്നാണ് നിര്‍ദേശം.
രാജ്യത്തൊട്ടാകെ കോവിഡ് കേസുകളില്‍ ഇടിവ് രേഖപ്പെടുത്തുന്ന പ്രവണതയ്ക്ക് അനുസരിച്ച്, ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 
                                            