ടി പി ആര്‍ നിരക്കിലുള്ള ലോക്ഡൗണ്‍ ഇനിയില്ല; വാരാന്ത്യ ലോകഡൗണ്‍ ഞായറാഴ്ച; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റം. പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കി. ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവര്‍ എല്ലാവരും പിന്മാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനും, കടകള്‍ ബാക്കി എല്ലാ ദിവസവും തുറക്കാനും തീരുമാനമായി. കടകള്‍ 9 മണി വരെ തുറക്കും.സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാല്‍ ഈ ദിവസങ്ങളില്‍ വാരാന്ത്യ ലോക്ക്ഡൗണില്ല.

ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗണ്‍.നിയന്ത്രണം മൈക്രോകണ്ടെയിന്മെന്റ് രീതിയിലേക്ക് മാറുന്നു. ഒരു വാര്‍ഡില്‍ ആയിരം പേരിലെത്ര രോഗികള്‍ എന്ന രീതിയില്‍ കണക്കാക്കാനാണ് ആലോചന. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിലവില്‍ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.

സംസ്ഥാനത്ത് നിലവില്‍ 323 തദ്ദേശ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിള്‍ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്‌സിനെടുത്തവര്‍ക്കായിരിക്കും മുന്‍ഗണന. അന്തിമ തീരുമാനം ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. വ്യാപാരികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും മുകളിലെ ഭാരം നീങ്ങുന്നത് കൂടിയാണ് പുതിയ രീതി.

Leave a Reply

Your email address will not be published. Required fields are marked *