ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവന്നേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പായിരുന്നു ടിക്ടോക്. എന്നാൽ, രാജ്യസുരക്ഷാ ഭീഷണിയുടെ പേരിൽ കേന്ദ്ര സർക്കാർ ടിക്ടോക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയായിരുന്നു.
ടിക്ടോക് ഇന്ത്യയിൽ തിരിച്ചുകൊണ്ടുവരാൻ പുതിയ പങ്കാളികളെ തേടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ടിക്ടോക് പ്ലാറ്റ്ഫോം പുനഃസ്ഥാപിക്കുന്നതിനായി ബൈറ്റ്ഡാൻസ് ഹിരന്ദന്ദനി ഗ്രൂപ്പുമായി ചർച്ചകൾ നടത്തിവരികയാണ് എന്നാണ്.
മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പ്രോജക്ടുകളുള്ള രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരിൽ ഒന്നാണ് ഹിരന്ദന്ദനി ഗ്രൂപ്പ്. റിയൽ എസ്റ്റേറ്റ് ഭീമൻ യോട്ട ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻസിന് കീഴിൽ ഡേറ്റാ സെന്റർ പ്രവർത്തനങ്ങളും നടത്തുന്നു. കൂടാതെ അടുത്തിടെ ഉപഭോക്തൃ സേവന വിഭാഗമായ തേസ് (Tez) പ്ലാറ്റ്‌ഫോമുകളും തുടങ്ങിയിരുന്നു.
രണ്ട് കമ്പനികളും (ടിക്ടോക്, ഹിരന്ദന്ദനി) തമ്മിലുള്ള ചർച്ചകൾ നിലവിൽ പ്രാഥമിക ഘട്ടത്തിലാണ് എന്നാണ് അറിയുന്നത്. പദ്ധതികളെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ‘ഞങ്ങളുമായി ഇതുവരെ ഔപചാരികമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. എന്നാൽ പദ്ധതികളെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അംഗീകാരത്തിനായി അവർ ഞങ്ങളെ സമീപിക്കുമ്പോൾ അവരുടെ അപേക്ഷ പരിശോധിക്കും,’ സർക്കാർ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്നാൽ, ചൈനയുമായി സംഘർഷം തുടരുന്ന ഇന്ത്യ ടിക്ടോക് ആപ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമോ എന്നത് വ്യക്തമല്ല
