ജാതി മത രാഷ്ട്രീയം കേരളത്തില്‍


സഞ്ജയ് ദേവരാജന്‍

വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരള ജനത വിദ്യാഭ്യാസവും അറിവും ഉള്ള ജനതയാണെന്നും, ഇത് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന തടസ്സമായ ഘടകം എന്നും കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാല്‍ ഈയിടെ പറഞ്ഞിരുന്നു. കേരളീയ ജനതയുടെ വിദ്യാഭ്യാസവും ഉയര്‍ന്ന സാമൂഹിക അവബോധവും, സെക്യുലര്‍ ചിന്താഗതിയും ആണോ യഥാര്‍ത്ഥത്തില്‍ ബിജെപിയെ കേരളത്തില്‍ മുന്നോട്ടു വരുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നത്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നും എങ്കിലും സൂക്ഷ്മമായ ഒരു നിരീക്ഷണം നടത്തുമ്പോള്‍ ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നതായി നമുക്ക് കാണാം.

ഒന്ന് കേരളത്തില്‍ ഹിന്ദു സമൂഹം വിഘടിച്ചു നില്‍ക്കുന്ന ഒരു സമൂഹം ആണ്. അതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് ഹിന്ദു ഉറങ്ങുന്നത് ഒന്നുമല്ല. ജാതീയമായി വിഘടിച്ച് നില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ ഹിന്ദു സമൂഹം. ഹൈന്ദവ സമൂഹം എന്ന രീതിയില്‍ ഒരുമിച്ചു നില്‍ക്കാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം ഹിന്ദു സമൂഹത്തിലെ കേരളത്തിലെ പ്രബലമായ ജാതിസംഘടനകള്‍ ആണ്. എന്‍എസ്എസ്, ഉം -എസ്എന്‍ഡിപി യും ആണ് കേരളത്തിലെ പ്രബലമായ ജാതിസംഘടനകള്‍ കേരളത്തിലെ 54% വരുന്ന ഹിന്ദു സമൂഹത്തില്‍ 26 ശതമാനത്തോളം വരുന്നത് ഈഴവ സമൂഹം ആണ്, 18 ശതമാനത്തോളമാണ് നായര്‍ സമൂഹം. ബാക്കി 10 ശതമാനത്തോളം വരുന്നത് ബ്രാഹ്മണ സമൂഹം, മറ്റു പിന്നോക്ക സമുദായങ്ങള്‍, ദളിതര്‍ ഇവരൊക്കെയാണ്. ഇവരെല്ലാം തന്നെ ജാതിയുമായി സംഘടിച്ച് നില്‍ക്കുന്നവരാണ്.

ഹിന്ദു ഐക്യം എന്നുള്ളത് ഹിന്ദു സമൂഹത്തിലെ പ്രമുഖ ജാതിസംഘടനകള്‍ ഒന്നും തന്നെ ഒരുകാലത്തും അംഗീകരിക്കില്ല. അത്തരത്തിലൊരു ഐക്യം ഉണ്ടായാല്‍ ജാതി സംഘടനകളുടെ പ്രസക്തി നഷ്ടപ്പെടും എന്ന് അവര്‍ക്ക് തന്നെ അറിയാം.

സര്‍ക്കാര്‍ ഉദ്യോഗം എന്ന ജോലിസാധ്യത തന്നെ അപ്രസക്തമാകുന്ന ആഗോളവല്‍ക്കരണനയങ്ങളുമായി കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും മുന്നോട്ടു പോകുമ്പോള്‍ സംവരണം എന്ന ആശയത്തിനു വലിയ പ്രസക്തിയൊന്നുമില്ല. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംവരണത്തിലെ തര്‍ക്കം ആണ് ആശയപരമായി ജാതിസംഘടനകള്‍ യോജിക്കുന്നതിനുള്ള തടസ്സം, വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമേഖലയുടെ ഇടപെടല്‍ വളരെ ശക്തമായ ഈ കാലഘട്ടത്തില്‍, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇന്ന് വിദ്യാഭ്യാസം പ്രാപ്യമായ ഒന്നാണ്. അപ്പോള്‍ വിദ്യാഭ്യാസമേഖലയിലെയും, തൊഴില്‍മേഖലയിലെ യും സംവരണ തര്‍ക്കങ്ങള്‍ ജാതി സംഘടനകള്‍ക്ക് വിഘടിച്ചു നില്‍ക്കാനുള്ള കാരണമായി പറയാവുന്ന ഒന്നുമാത്രമാണ്.

പിന്നെ നമ്മുടെ സമൂഹത്തിലെ ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെയും, നിയമസഭ മണ്ഡലത്തിലെയും, പഞ്ചായത്തിലെയും വാര്‍ഡിലെയും ഡെമോഗ്രഫി പരിശോധിക്കുകയാണെങ്കില്‍ എല്ലാ ജാതി മതസ്ഥരും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. പല ആവശ്യങ്ങള്‍ക്കും അവര്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ചു ആണ് കഴിയുന്നത്. തീവ്ര മത വാദികളുടെ ആഹ്വാനങ്ങള്‍ പലപ്പോഴും ഇവര്‍ ശ്രദ്ധിക്കാറ് പോലുമില്ല.

കേരളത്തിലെ ക്രൈസ്തവ സമൂഹം ഭൂരിഭാഗവും, പ്രത്യേകിച്ച് മധ്യകേരളത്തില്‍ ഉള്ളവര്‍ തങ്ങളുടെ ഹൈന്ദവ പാരമ്പര്യത്തില്‍ അഭിമാനംകൊള്ളുന്നവരാണ്.
ക്രൈസ്തവ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും മതപരമായ സ്വത്വം അത്രകണ്ട് ഉയര്‍ത്തിപ്പിടിക്കുന്നവരല്ല. ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പോലും പങ്കെടുക്കുന്നതിന് ഈ സമൂഹത്തിലെ പുരുഷന്മാര്‍ വിമുഖത പ്രകടിപ്പിക്കുന്നതായി കാണാന്‍ കഴിയും. ക്രൈസ്തവസഭയിലെ പുരോഹിതന്മാരുടെ ആഡംബര ജീവിത രീതികള്‍ തന്നെയാണ്, കൂടുതലും ക്രൈസ്തവ ജനതയെ മതത്തില്‍ നിന്നു കുറച്ചൊക്കെ മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇസ്ലാമിക സമൂഹവും 1990കളുടെ പകുതിവരെ കേരളീയസമൂഹവുമായി ആയി വളരെയേറെ യോജിച്ചു സഹകരിച്ച് പോകുന്ന ഒരു സമൂഹമായിരുന്നു. എന്നാല്‍ മതപരമായ നവോത്ഥാനം എന്ന രീതിയില്‍ അറബി നാടിന്റെ പാരമ്പര്യത്തില്‍ നിന്നുള്ള ജീവിതരീതികള്‍ കേരളീയ ഇസ്ലാമിക സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള വ്യാപകമായ ശ്രമം നടന്നിട്ടുണ്ട്. പര്‍ദ്ദയും ശിരോവസ്ത്രവും ഒക്കെ കൂടുതലായി ഈ സമയത്താണ് കേരളീയ ഇസ്ലാമിക സമൂഹത്തില്‍ കണ്ടുവരുന്നത്. ഇതൊക്കെ ആണെങ്കില്‍പോലും തീവ്ര ഇസ്ലാമിക സംഘടനകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഒരു വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത് ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണ്. ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് ഒന്നും കേരളീയ സമൂഹത്തെ വലിയ രീതിയില്‍ ഇതുവരെയും വിഭജിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ സാന്നിധ്യവും. സോഷ്യലിസ്റ്റ് ആശയങ്ങള്‍ നമ്മുടെ സിനിമ, നാടക കലാരംഗങ്ങളില്‍ ഒക്കെ ചെലുത്തുന്ന സ്വാധീനവും വിഘടന മാനസികാവസ്ഥയില്‍ നിന്ന് മാറി ഒന്നിച്ച് മുന്നോട്ടുപോകാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
മാത്രമല്ല ജനങ്ങളുടെ ദൈനംദിന ജീവിത ആവശ്യങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കും യാതൊരുവിധ ഫലപ്രദമായ പ്രതിവിധിയോ നല്‍കാന്‍ ഇതുവരെയും തീവ്ര മത സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. പകരം അവര്‍ പറയുന്നത്, അന്യമതസ്ഥരായ ജനങ്ങള്‍ ആണ് സാധാരണ വിശ്വാസിയുടെ സാമ്പത്തിക ദുരിതങ്ങള്‍ക്ക് കാരണം എന്ന് വിദ്വേഷ പ്രചരണം മാത്രമാണ് അവരുടെ കയ്യില്‍ ഉള്ളത്. എപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പല്ലവി സാധാരണക്കാരായ മതവിശ്വാസികളെ തീവ്ര മത സംഘടനകളുടെ ഉദ്‌ബോധനങ്ങളില്‍ വിശ്വാസമില്ലാത്ത അവസ്ഥയില്‍ എത്തിച്ചു.

എന്നിരുന്നാലും ഈയിടെ ഉണ്ടായ ലൗജിഹാദ് എന്ന മുദ്രാവാക്യം കേരളീയ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കി എന്ന് നമുക്ക് അനുമാനിക്കേണ്ടതായി ആയി വരുന്നുണ്ട് . ഹിന്ദു, ക്രൈസ്തവ സമൂഹം ഇത്തരമൊരു നീക്കം മുസ്ലിം തീവ്ര സംഘടനകളില്‍ നിന്ന് ഉണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു. അതിനു ഫലപ്രദമായ ഒരു വിശദീകരണം മുസ്ലിം ലീഗ് എന്ന കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷി പോലും നല്‍കിയതായി കാണുന്നില്ല. ഈയൊരു ആശങ്കയുടെ ദുരീകരണ നടപടികള്‍ ഉണ്ടാവേണ്ടത് കേരളീയ സമൂഹത്തിന്റെ യോജിച്ചുള്ള മുന്നോട്ടുപോക്കിന് നല്ലതാണ് . ഹിന്ദു സംഘടനകളെക്കാള്‍ കൂടുതലായി കെസിബിസി പോലെയുള്ള ക്രൈസ്തവ സംഘടനകള്‍ ഈ ആശങ്ക സമൂഹത്തില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തില്‍ ജനങ്ങളെ കൂടുതല്‍ ഒന്നിപ്പിക്കാന്‍ സഹായിക്കും എന്ന് കരുതിയിരുന്ന ഇന്റര്‍ കാസ്റ്റ്, ഇന്റര്‍ റിലീജിയസ് വിവാഹങ്ങള്‍ ഇപ്പോഴത്തെ കാലഘട്ടത്തില്‍ സമൂഹത്തില്‍ കൂടുതല്‍ വിദ്വേഷം പടര്‍ത്തുന്നതായി നമുക്ക് കാണാന്‍ കഴിയുന്നു.

തമിഴനെ തമിഴ് ഭാഷ വൈകാരികമായി സ്വാധീനിക്കുന്നത് പോലെ
മലയാളഭാഷ മലയാളിയെ വൈകാരികമായി സ്പര്‍ശിക്കുന്ന ഒന്നല്ല. എന്നാലും മലയാള ഭാഷ സംസാരിക്കുന്നവര്‍ എന്ന പ്രകടമല്ലാത്ത പൊതുബോധം എല്ലാത്തരം വിഘടന ചിന്തകള്‍ക്കുമപ്പുറം നമ്മെ ഒന്നിപ്പിക്കുന്നു എന്നുള്ളത് നമ്മള്‍ പോലും തിരിച്ചറിയാത്ത ഒരു യാഥാര്‍ഥ്യം ആണ് .


By സഞ്ജയ് ദേവരാജന്‍

Leave a Reply

Your email address will not be published. Required fields are marked *