ചാണകം വിറ്റ് ജീവകാരുണ്യ പ്രവർത്തനവുമായി ഇതാ കുറെ വിദ്യാർത്ഥികൾ

ചാണകം വിറ്റുകിട്ടുന്ന പണംകൊണ്ട് അശരണരുടെ കണ്ണീരൊപ്പുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റും വിവിധ ക്ളബ്ബുകളും കൈകോര്‍ത്ത് ചാണകത്തില്‍നിന്ന് ജൈവവളവും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവച്ച് മാതൃകയാകുന്നു. സ്കൂളിന് സമീപത്തെ വിവിധ ക്ഷീര കർഷകരുടെ വീടുുകളും  ഫാമുകളുുമായി സഹകരിച്ചാണ് കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പശു, ആട്, എരുമ എന്നിവയുടെ ചാണകവും താറാവിന്റെയും കോഴിയുടെയും കാഷ്ഠവും മണ്ണിര കമ്പോസ്റ്റുമൊക്കെ ശേഖരിച്ച് 4:3:2:1 എന്ന ആനുപാാതത്തിൽ മിക്സ് ചെയ്ത് “വളക്കൂട്ട് ” എന്ന പേരിൽ ജൈവ വളം തയ്യാറാക്കി വിൽക്കുകയാണ്.

സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  കഴിഞ്ഞ വര്‍ഷം  സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിരുന്നു. വരും വര്‍ഷങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥിര വരുമാനം കണ്ടെത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖി പറഞ്ഞു.  വിദ്യാര്‍ഥികള്‍ ചാണകം ഉണക്കി കവറുകളിലാക്കി വില്‍പ്പനയ്ക്കായി തയ്യാറാക്കിക്കഴിഞ്ഞു.  പ്രധാനമായും ചെടികൾക്കും, വിഷരഹിത ജൈവപച്ചക്കറി കൃഷിക്കുമുള്ള വളമായി ഉപയോഗിക്കാം. മണ്ണിൽ പൊന്ന് വിളയിക്കാൻ ഇ വളക്കൂട്ട് അത്യുത്തമമാണ്.  ഒരു കിലോഗ്രാമിന് 80 രൂപയും രണ്ട് കിലോയ്ക്ക് 150 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ഉല്‍പ്പന്നങ്ങള്‍ ചന്തകളിലും മേളകളിലും, എക്കോ ഷോപ്പുകളിലും  കൊണ്ടുപോയി വിദ്യാര്‍ഥികള്‍ വില്‍ക്കും. കൃഷിവകുപ്പ് ഔട്ട്ലെറ്റുകള്‍ വഴി  ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.  പഞ്ചായത്തിലെ മാര്‍ക്കറ്റുകളിലെയും കടകളിലെയും  പച്ചക്കറി മാലിന്യം ശേഖരിച്ച് ജൈവവളം ഉല്‍പ്പാദിപ്പിക്കാനും അതില്‍നിന്നു കിട്ടുന്ന പണം ക്യാന്‍സര്‍ രോഗികള്‍ക്കായി മാറ്റിവയ്ക്കാനും പദ്ധതിയുണ്ടെന്ന് വളന്റിയര്‍ സെക്രട്ടറി നിഷ സന്തോഷ്  പറഞ്ഞു. 

സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പി.ടി.എ പ്രസിഡൻ്റ് അനിൽകുമാർ പി.റ്റി, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജസനൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ ഹെഡ്മിസ്ട്രസ് സഫിയ സി.പി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ഡോ.അബിത രാമചന്ദ്രൻ, ശ്രീകല ജി. റനിത ഗോവിന്ദ്, വിനോദ് ഇ ആർ, പൗലോസ് റ്റി, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ , ഹണി വർഗീസ്, മുൻ വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേൽ , വിദ്യാർത്ഥികളായ ബേസിൽ ബിജു, കാർത്തിക് പ്രസാദ്, എൽദോസ് ഇ.കെ,  കാശിനാഥ്, അഞ്ജനഅനിൽ, ജെയ്ൻ എൽദോസ്, അന്നറജി, സ്നേഹ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *