പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള ‘ഗോത്രസാരഥി’ പദ്ധതി എല്ലാ ഗുണഭോക്താക്കളിലും എത്തുന്നുണ്ടോയെന്ന് മനസ്സിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കോവിഡിനു ശേഷം വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച
പശ്ചാത്തലത്തില്‍ ഗോത്രസാരഥി പദ്ധതിയെക്കുറിച്ചുള്ള അവലോകനത്തിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോത്ര സാരഥി പദ്ധതി യെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ശേഖരിക്കണം. ജില്ലയിലെ പനവൂര്‍, കള്ളിക്കാട്, ആര്യനാട്, പാങ്ങോട്, അംമ്ബൂരി, നന്ദിയോട്, പെരിങ്ങമ്മല, വിതുര, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ 33 സ്‌കൂളുകളിലായി 11,193 പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളാണ് ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കള്‍. കോവിഡിന് ശേഷം ഇവരെല്ലാം വിദ്യാലയങ്ങളിലേക്ക് തിരികെയെത്തി എന്ന ഉറപ്പാക്കിയിട്ടുണ്ടെന്നും വിലയിരുത്തി.
