ക്രിക്കറ്റ് ലോകത്തിലെ പകരം വയ്ക്കാന്‍ ആവാത്ത ഇതിഹാസം : സര്‍ ജഡേജ

ഷോഹിമ ടി.കെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം തന്നെയാണ് ജഡു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രവീന്ദ്ര ജഡേജ. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ജഡേജ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പകരം വയ്ക്കാന്‍ കഴിയാത്ത ഇതിഹാസം.

അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബമായിരുന്നു ജഡേജയുടെത്. വീടിനടുത്തുള്ള സുരക്ഷാ സ്ഥാപനത്തിലെ വാച്ച്മാന്‍ ആയിരുന്നു അച്ഛന്‍. അമ്മ അടുത്തുള്ള ഹോസ്പിറ്റലിലെ നഴ്‌സും. കൊച്ചു ജഡേജയെ ഭാവിയില്‍ ആര്‍മി ഓഫീസര്‍ ആക്കാന്‍ ആയിരുന്നു അമ്മയ്ക്കും അച്ഛനും താല്പര്യം. എന്നാല്‍ ഒരു ക്രിക്കറ്റ് താരം ആകണം എന്നത് ജഡേജയുടെ വാശിയായിരുന്നു. അങ്ങനെ അച്ഛനറിയാതെ അമ്മ വഴി ക്രിക്കറ്റ് പരിശീലനത്തിന് പോവുകയാണുണ്ടായത്. ഒരു റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ നടത്തുന്ന പാവപ്പെട്ട കുട്ടികള്‍ക്കായുള്ള പഠനശാല ആയിരുന്നു അത്. അങ്ങനെ അവിടെനിന്നും ആരംഭിക്കുകയായിരുന്നു ജഡേജയുടെ ക്രിക്കറ്റ് ലോകത്തിലേക്കുള്ള ജീവിതം. എന്നാല്‍ 2005ല്‍ ആക്‌സിഡന്റില്‍ ഉണ്ടായ അമ്മയുടെ മരണം ജഡേജയെ മൊത്തത്തില്‍ തളര്‍ത്തി.ക്രിക്കറ്റിനോടുള്ള ഇഷ്ടം അതോടുകൂടി ഇല്ലാതാവുകയാണ് ഉണ്ടായത്. എന്നാല്‍ സഹോദരി നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നും വീണ്ടും ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു ജഡേജ.

2006 ലും 2008 ലും അണ്ടര്‍ 19 വേള്‍ഡ് കപ്പ് ടീമില്‍ അംഗമാകാന്‍ കഴിഞ്ഞു. 2008ല്‍ വിരാട് കോലി നായകനായ അണ്ടര്‍ 19 കപ്പ് ഉയര്‍ത്തുമ്പോള്‍ പ്രധാന താരങ്ങളില്‍ ഒരാള്‍ ജഡേജയുമാണ്.ആഭ്യന്തര മത്സരത്തിലും മികച്ച പ്രകടനം നടത്തിയ ജഡേജയെ പിന്നീട് സീനിയര്‍ ടീമിലേക്ക് എടുക്കുകയാണ് ഉണ്ടായത്. അങ്ങനെ ജഡേജയെന്ന ക്രിക്കറ്റ് പ്രേമി ക്രിക്കറ്റ് ലോകത്തേക്ക് പതിയെ കാല്‍ വച്ചു തുടങ്ങി. 2009 ഫെബ്രുവരി എട്ടിനാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. എതിരാളികളായി ശ്രീലങ്ക. 60 റണ്‍സെടുത്ത് അര്‍ദ്ധ സെഞ്ചുറിയോടെ വന്ന പയ്യന്‍ പിന്നീട് ബൗളിങ്ങിലും മികച്ച പ്രകടനം നടത്തി. പിന്നീട് എവിടെയോ വെച്ച് ജഡേജയുടെ മികച്ച പ്രകടനങ്ങള്‍ എല്ലാം നഷ്ടമാവുകയും വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. 2009ലെ ടി ട്വന്റി വേള്‍ഡ് കപ്പില്‍ ആണ് താരം ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടത്. വളരെ മോശം പ്രകടനം കാഴ്ചവെച്ച ജഡേജയെ കളിയാക്കികൊണ്ടാണ് അന്ന് സര്‍ ജഡേജ എന്ന വിളിപ്പേരും കിട്ടുന്നത്. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ആരാധകരും കരുതുന്നത് അത്തരമൊരു വിളിപ്പേരിന് ജഡേജ അര്‍ഹനായത് ക്രിക്കറ്റിലെ മിന്നും പ്രകടനം കൊണ്ടാണെന്നാണ്. അങ്ങനെ ടീമില്‍ നിന്നും പുറത്തായ ജഡേജ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വെറും ഒരു സന്ദര്‍ശകന്‍ മാത്രമായി. പിന്നീട് മാന്‍ ഓഫ് ദി മാച്ചായി മികച്ച ഫീല്‍ഡിങ് ലൂടെ തിരിച്ചെത്തി. 2012 ലെ ടി -ട്വന്റി വേള്‍ഡ് കപ്പില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു. ഇങ്ങനെ ഏറെ നേട്ടങ്ങളും കോട്ടങ്ങളും കണ്ട് വളര്‍ന്നു തന്നെയാണ് .

ജഡേജ ക്രിക്കറ്റ് ലോകത്ത് ചുവടുറപ്പിച്ചത്.2013 ജഡേജയുടെ കരിയര്‍ ആകെ മാറ്റിമറിച്ച വര്‍ഷമായിരുന്നു. ടെസ്റ്റ് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം നടത്തുകയും പരാജയപ്പെടാന്‍ സാധ്യതയുള്ള പല കളികളും വിജയിപ്പിക്കുകയും ചെയ്തു.
തുടക്കം മുതലുള്ള ജഡേജയുടെ കരിയര്‍ നോക്കുകയാണെങ്കില്‍ കരിയറിലെ ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. സ്വന്തം വിജയത്തെക്കാള്‍ ഉപരി ടീമിന്റെ വിജയം ആഗ്രഹിക്കുന്ന വ്യക്തി എന്നതാണ് ജഡേജയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം. ധോണിക്കുമേല്‍ ആരാധകര്‍ക്കുള്ള വിശ്വാസം പോലെ കളിയില്‍ ജഡേജ ഉണ്ടെങ്കില്‍ വിജയം ഉറപ്പ് എന്ന രീതിയില്‍ ജഡേജയോടുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം വന്നു. ബാറ്റിംഗ്, ബൗലിംഗ്, ഫീല്‍ഡിങ് ഇവ മൂന്നിലും മികച്ചു നിക്കാന്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ മറ്റൊരു വ്യക്തി ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

ഇപ്പോഴിതാ…ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജയ്ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. പുതിയ പട്ടിക അനുസരിച്ച് ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 406 ആണ് ജഡേജയുടെ റേറ്റിംഗ്. വിന്‍ഡീസ് താരമായ ജേസന്‍ ഹോള്‍ഡറെ മറികടന്നന്നാണ് താരം ഒന്നാമത് എത്തിയത്.തോല്‍വികളെയും കളിയാക്കലുകളെയും മറികടന്ന് പകരം വയ്ക്കാനില്ലാത്ത ഇതിഹാസമായി ഇത്തരത്തില്‍ ജഡേജ മാറി.

Leave a Reply

Your email address will not be published. Required fields are marked *