കോവിഡ്-19 മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍

കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം പത്ത് വര്‍ഷം കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

രോഗികളുടെ ആവശ്യങ്ങള്‍ക്ക് സ്വന്തം ജീവനേക്കാള്‍ മുന്‍ഗണന നല്‍കിയ സമര്‍പ്പിതരായ ജീവനക്കാര്‍ തന്നെയാണ് കോവിഡ് -19 നെതിരായ ഈ പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രോഗത്തിന്റെ അവശതയുണ്ടെങ്കിലും രോഗം ബാധിച്ച ജീവനക്കാരില്‍ ഭൂരിഭാഗവും മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനായി ജോലിയില്‍ വീണ്ടും പ്രവേശിച്ചു. എന്നാല്‍ ഏതാനും ചിലര്‍ക്ക് ഈ മഹാമാരിക്ക് മുന്നില്‍ കീഴടങ്ങേണ്ടിയും വന്നിട്ടുണ്ട്. നമ്മെ വിട്ടുപോയ അവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ, മരണമടഞ്ഞ അവരില്‍ പലരും അവരുടെ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു എന്നതിനാല്‍ ആ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് സ്ഥാപനം തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

കോവിഡിന് കീഴടങ്ങിയ ഓരോ ആസ്റ്റര്‍ ജീവനക്കാരും പകരം വെയ്ക്കാനില്ലാത്തവരാണ്. അവര്‍ എല്ലായ്പ്പോഴും തങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്ററിനും സമൂഹത്തിനും അവര്‍ നല്‍കിയ സമര്‍പ്പണങ്ങളോട് എല്ലായ്‌പ്പോഴും നന്ദിയുണ്ടാകും. ജീവിതത്തിലെ ഏറ്റവും കഠിനമായ ആഘാതത്തെ നേരിട്ട അവരുടെ കുടുംബങ്ങളെ സഹായിക്കാനായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണിതെന്ന് അറിയാം. എങ്കിലും ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ക്ക് കുറച്ച് പിന്തുണയും ആശ്വാസവും നല്‍കാനെങ്കിലും ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമുള്‍പ്പെടെ 7 രാജ്യങ്ങളിലായി ഇതുവരെ 28,000 കോവിഡ് -19 പോസിറ്റീവ് രോഗികള്‍ക്ക് സേവനം നല്‍കുകയും, 1,662,726 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 27 ആശുപത്രികള്‍, 115 ക്ലിനിക്കുകള്‍, 225 ഫാര്‍മസികള്‍ എന്നിവയുള്‍ക്കൊള്ളുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറില്‍ 21,000 ജീവനക്കാരാണ് സേവനനിരതരായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *