തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണി തുടരുന്നതിനിടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമാണെന്നാണ് സർക്കാരിൻ്റെ സീറോ സര്‍വയലന്‍സ് പഠനത്തിൽ വ്യക്തമാക്കുന്നത്. തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇവരിൽ കോവിഡ് ബാധ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നതെന്നാണ് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആൻ്റിബോഡി സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെയുള്ള 20,939 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ലഭ്യമാക്കിയിരിക്കുന്നത്.

പഠനമനുസരിച്ച് മുതിർന്ന പൗരന്മാർക്കിടെയിലെ സീറോ പ്രിവിലൻസ് 8 ശതമാനമാണ്. ആരോഗ്യ പ്രവർത്തകരിൽ 10.5 ശതമാനവും കോവിഡ് മുന്നണി പോരാളികൾക്കിടയിൽ 12 ശതമാനവുമാണ് കണക്ക്.കൂടാതെ ദേശീയ തലത്തിൽ 30 കോവിഡ് ബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ട് ചെയ്യുമ്പോൾ, രോഗബാധയുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ കേരളത്തിനാകുന്നുണ്ടന്നാണ് ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സര്‍വയലന്‍സ് പഠനം പറയുന്നത്. കേരളത്തിൽ ദിനം പ്രതിയുള്ള കോവിഡ് കേസുകളിൽ കുറവ് സംഭവിച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 23,883 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡില്‍ നിന്നും മുക്തി നേടിയത് ഇതുവരെ 10,78,743 പേരാണ്. 4517 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
