കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരായത് 4928 പേരാണ്. ഇതിൽ 1381 പേരും എറണാകുളത്തുനിന്ന്. ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 626 പേരും കോട്ടയത്ത് 594 പേരുമാണ് രോഗബാധിതരായത്.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് മുഴുവനായും മാറിയിട്ടില്ലെന്ന തിരിച്ചറിവ് ജനങ്ങൾ പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. സാമൂഹിക അകലവും മാസ്കും കൈകഴുകലും ജനങ്ങൾ മറന്നമട്ടാണ്. ഇത് വൈറസ് വ്യാപിക്കാനുള്ള വഴിയൊരുക്കുമെന്നും ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.
നിലവിൽ പനി ബാധിച്ചാൽ ആന്റിജൻ പരിശോധനയ്ക്കാണ് മിക്കവരും വിധേയരാകുന്നത്. എന്നാൽ ഒമിക്രോൺ വകഭേദം ആന്റിജൻ പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
