കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായി പരിശോധന വിപുലീകരിക്കാൻ ഒരുങ്ങി കർണാടക.ഇതിനായി നഞ്ചൻഗുഡിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാനാണ് മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പെട്ടെന്ന് തന്നെ ചെക്ക്പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്നാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി അറിയിച്ചത്.
ജില്ലയിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് നിരന്തരം വിലയിരുത്തുന്ന ഡെപ്യൂട്ടി കമ്മിഷണർ പുതിയ മാർഗനിർദേശങ്ങൾ ഇറക്കാനും ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ളവരുടെ നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഒരിക്കൽകൂടി പരിശോധിക്കുന്നതിനായി പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
കൂടാതെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക.ആർ.ടി.സി ബസ് കണ്ടക്ടർമാർ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. യാത്രക്കാരുമായി നിരന്തരം ഇടപഴകുന്നവരായതിനാലാണ് കണ്ടക്ടർമാർക്കുള്ള പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ചത്.
