കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയുണ്ടായതായി സൂചന. നാല് ദിവസം മുന്‍പ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലുള്ള 12 വയസുകാരനാണ് നിപ ബാധ സംശയിക്കുന്നത്. കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്ക ജ്വരവുമുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.
