കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചേവരമ്പലത്തെ ഫ്ളാറ്റില്‍വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും, മയക്കുമരുന്നും നല്കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ കൂടി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അജ്‌നാസിനേയും ഫഹദിനേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊല്ലം സ്വദേശിയായ 32കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അത്തോളി സ്വദേശിയായ അജ്‌നാസുമായി ടിക്ടോക്കില്‍ നിന്ന് ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോടെത്തിയ യുവതിയെ അജ്‌നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ രണ്ട് മുറികള്‍ അജ്‌നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്.

ഇവിടെ വച്ച് അജ്‌നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കള്‍ തൊട്ടടുത്ത മുറിയിലായിരുന്നു. അജ്‌നാസ് മദ്യവും മയക്കുമരുന്നും നല്‍കി തന്നെ അര്‍ധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്‌നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ബലാത്സംഗദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പ്രതികളുടെ ക്രൂരമായ ബലാത്സംഗത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഇതോടെ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കടന്നുകളയുകയായിരുന്നു. .ആശുപത്രി അധികൃതരാണ് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ വാര്‍ത്ത പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.

 
                                            