തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത് പരാജയപ്പെട്ടിരുന്നു. നെടുമങ്ങാട് സീറ്റ് മോഹം വെച്ച് പുലര്‍ത്തിയ പാലോട് രവി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രശാന്ത് ഉയര്‍ത്തിയിരുന്നു.
ഈ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു പാലോട് രവിയെ പാര്‍ട്ടി ജില്ലാ അധ്യക്ഷനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ നേതൃത്വത്തിനെതിരെ പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും സ്ഥാനമാനങ്ങള്‍ നല്‍കരുതെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം.
കെ സി വേണുഗോപാലാണ് കേരളത്തില്‍ കോണ്‍?ഗ്രസ് സംഘടന തകര്‍ച്ചയ്ക്ക് കാരണമെന്നായിരുന്നു പ്രശാന്തിന്റെ മറ്റൊരു ആക്ഷേപം. കെസി വേണുഗോപാല്‍ ബിജെപി ഏജന്റാണ്. പ്രസിഡന്റ് പട്ടികയില്‍ രണ്ടുപേര്‍ ഒഴികെ എല്ലാം വേണുഗോപാലിന്റെ ആളുകളാണെന്നും പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് കെസി ശ്രമിക്കുന്നതെന്നും പ്രശാന്ത് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ പിഎസ് പ്രശാന്തിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെ സുധാകരന്‍ വ്യക്തമാക്കിയത്.
