ഹരിപ്പാട്: കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാവിലെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു.
മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നില്ല. അവരെ ഒപ്പം നിര്‍ത്തും പാര്‍ട്ടിയുടെ നല്ല ഭാവിക്കായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. യുഡിഎഫിനെ കരുത്തുറ്റതാക്കാര്‍ എല്ലാ നേതാക്കളുടെയും പിന്തുണ വേണം. കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. എല്ലാവരേയും കേട്ടും ഒരുമിച്ചു നിര്‍ത്തിയും മുന്നോട്ട് പോകാനാണ് ശ്രമമെന്ന് ചെന്നിത്തലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു.
അപമാനിച്ചതായി മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഭവം ഉണ്ടെങ്കില്‍ അതു പരിഹരിക്കാനാണ് താന്‍ എത്തിയത്. ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
