കൊതിയൂറും മീന്‍ രുചിയും കായല്‍യാത്രയും ആസ്വദിക്കാൻ അവസരം ഒരുക്കി മത്സ്യഫെഡ്; 250 രൂപ മുതൽ പാക്കേജുകൾ

കുറഞ്ഞ ചെലവില്‍ മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും ജലവിനോദങ്ങളില്‍ പങ്കെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് മത്സ്യഫെഡ്. മത്സ്യഫെഡിന്റെ പ്രകൃതി സൗഹൃദ അക്വാ ടൂറിസം കേന്ദ്രമായ ഞാറക്കല്‍ ഫാമിലേ ചില വിശേഷങ്ങള്‍ അറിയാം.

എറണാകുളം ഹൈക്കോടതി ജംക്ഷനില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരെയാണ് ഞാറക്കല്‍ ഫിഷ് ഫാമും അക്വാടൂറിസം സെന്ററും. സഞ്ചാരികളെ കാത്ത് നിരവധി പാക്കേജുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.വെള്ളത്തിനു നടുവിലുള്ള ബാംബൂ ഹട്ട് ആണ് ഏറ്റവും വലിയ ആകര്‍ഷണം. ഈ ഹട്ടില്‍ ഒരേസമയം 10 പേര്‍ക്ക് താമസിക്കാം. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ലഘുഭക്ഷണവും പാക്കേജിന്റെ ഭാഗമായി നല്‍കും. കൂടാതെ സ്പീഡ് ബോട്ട്, കുട്ടവഞ്ചി, പെഡല്‍ ബോട്ട്, ചൂണ്ടയിടല്‍ തുടങ്ങിയവയും പാക്കേജിലുണ്ട്. ഒരാള്‍ക്ക് 250 രൂപയും അവധിദിവസങ്ങളില്‍ 300 രൂപയുമാണ് സാധാരണ പാക്കേജ്. സ്പെഷ്യൽ പാക്കേജുകളിലും സാധാരണ പാക്കേജുകളിലും കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ ഉണ്ട്. ഇവിടെ ലഭ്യമാകുന്ന ചില സ്പെഷ്യൽ പാക്കേജുകളുടെ വിശേഷങ്ങൾ അറിയാം.

ദ്വയം

ഈ പക്കേജിലൂടെ അക്വാടൂറിസം സെന്ററിലെ കാഴ്ചകള്‍ കാണാം, പൂമീന്‍ ചാട്ടം, പെഡല്‍ബോട്ട്, റോയിങ് ബോട്ട്, വാട്ടര്‍ സൈക്കിള്‍, കയാക്കിങ്, ജലാശയത്തിനു മുകളിലുള്ള മുളംകുടില്‍, ചൂണ്ടയിടീല്‍, കണ്ടല്‍പാര്‍ക്ക്, ബീച്ച് എന്നിവയും ആസ്വദിക്കാം. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഈ പാക്കേജില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് 650 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. സമയം രാവിലെ 9.30 മുതല്‍ 3.30 വരെ. ദ്വയം പാക്കേജിനൊപ്പം എറണാകുളം മറൈന്‍ഡ്രൈവില്‍ ഒരു മണിക്കൂര്‍ കായല്‍സവാരിയും ഉള്‍പ്പെടുത്തിയാല്‍ ഒരാള്‍ക്ക് നിരക്ക് 1200 രൂപയായിരിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് കായല്‍ സവാരിയും ചേര്‍ന്ന പാക്കേജ് ഒരുക്കിയിരിക്കുന്നത്.

ദ്വയം ഈവനിങ് സ്പെഷ്യൽ

ഒരാള്‍ക്ക് 300 രൂപാ നിരക്കില്‍ പൂമീന്‍ ചാട്ടം, പെഡല്‍ബോട്ട്, റോയിങ് ബോട്ട്, വാട്ടര്‍ സൈക്കിള്‍, കയാക്കിങ്, ജലാശയത്തിന് മുകളിലുള്ള മുളംകുടില്‍, ചൂണ്ട, കണ്ടല്‍പാര്‍ക്ക് ഉള്‍പ്പടെ ലഘുഭക്ഷണവും ജ്യൂസും പാക്കേജില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *