തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ചോദ്യം ചെയ്യുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേ സമയം കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്റ്റേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസിൽ നിന്നും എഫ്ഐആർ വിവരങ്ങളും ഇഡി സ്വീകരിച്ചു. കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി പറയുന്നു. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു. ബിജെപി നേതാക്കൾക്ക് എതിരെ ആരോപണം ഉന്നയിക്കപ്പെട്ട കേസ് അന്വേഷിക്കാൻ ഇഡി മടിക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു.
കേസ് തങ്ങളുടെ പരിധിയിൽ വരുന്നത് അല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെ എന്ന നിലപാടിലുമായിരുന്നു ഇഡി.എന്നാൽ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

 
                                            