കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കള്‍ ഉണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപ്പാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള തുകയാണെന്ന് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി വരണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കവര്‍ച്ചാക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളാകില്ല. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായ മൂന്നരക്കോടി ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന വിവരം ഡ്രൈവറുടെ സഹായി മുഖേന ക്രിമിനല്‍സംഘം അറിഞ്ഞെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. തൃശൂരിലെ പ്രമുഖ അഭിഭാഷകനായ എന്‍.കെ.ഉണ്ണികൃഷ്ണനാണ് കൊടകര കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. ജിഷ കേസ്, കൂടത്തായ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍ പ്രോസിക്യൂട്ടറായിട്ടുണ്ട്. ഞായറാഴ്ചയ്ക്കു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ്, കുറ്റപത്രം വേഗം സമര്‍പ്പിക്കുന്നത്.
