തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന്‍ ഹാജരാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ സാധിക്കില്ലെന്ന് അറിയിക്കുയായിരുന്നു. പിന്നാലെയാണ് ഇന്ന് ഹാജരാവാമെന്ന് അറിയിച്ചത്.
.
കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് എത്തിയത് മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
