പാലാ: തിരക്കേറിയ ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ കൊച്ചിടപ്പാടി ഭാഗത്ത് നടപ്പാത കൈയ്യേറി അനധികൃത കച്ചവടം അപകടഭീതി ഉയർത്തുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നും പെട്ടിഓട്ടോയിൽ എത്തിക്കുന്ന സാധനങ്ങൾ നടപ്പാത കൈയ്യേറിയാണ് അനധികൃത വ്യാപാരം നടത്തുന്നത്. നടപ്പാതയിൽ വാഹനമിടുന്നതിനാൽ ഇതു വഴി കടന്നു പോകുന്ന സ്കൂട്ടർ യാത്രികർ അടക്കമുള്ളവർ റോഡിൽ വാഹനം നിറുത്തിയാണ് സാധനങ്ങൾ വാങ്ങുന്നത്. കാൽനടക്കാർക്കു റോഡിൽ കയറി സഞ്ചരിക്കേണ്ട ഗതികേടും ഇതുമൂലമുണ്ടാവുന്നു. ഇതുവഴി വേഗതയിൽ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ അപകടസാധ്യത ഏറെയാണ്. അതുപോലെ കവീക്കുന്ന് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാലാ ഭാഗത്തേയ്ക്ക് പോകാൻ തിരിയുമ്പോൾ ഇത്തരം വാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യുന്നത് കാഴ്ച മറയ്ക്കുന്നതും അപകട സാഹചര്യം സൃഷ്ടിക്കുന്നു.
റോഡ് ടെസ്റ്റിംഗിനു മോട്ടോർ വാഹനങ്ങൾ എത്തിക്കുന്ന ഈ ഭാഗത്ത് ഇതേ രീതിയിൽ നടപ്പാത കയ്യേറി പാർക്കു ചെയ്യുന്നതും നിത്യസംഭവമാണ്. ഇങ്ങനെ പാർക്കു ചെയ്യുന്ന വാഹനങ്ങൾ മൂലം കാഴ്ച മറയുന്നതിനാൽ ആളുകൾ കഷ്ടപ്പെട്ടാണ് ഇവിടം കടന്നു പോകുന്നത്. സ്ത്രീകളായവരും പുതുതായി ലൈസൻസ് നേടിയവരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ഇതിന് തൊട്ടു മുന്നിൽ സ്പെഷ്യൽ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. കൊച്ചിടപ്പാടി വെയിറ്റിംഗ് ഷെഡിന് എതിർവശത്താണ് അനധികൃത കച്ചവടം നടത്തുന്നത്.
നടപ്പാത കൈയ്യേറി കാഴ്ച മറച്ചു കച്ചവടം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കവീക്കുന്ന് വികസന സമിതി ആവശ്യപ്പെട്ടു. കൺവീനർ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് മുകാല, ബൈജു ഇടത്തൊട്ടി, ജോസഫ് കുര്യൻ, ഷൈജു കാരിമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
