ന്യൂഡൽഹി: നിസാര കാര്യങ്ങൾക്ക് കോടതിയിലേക്ക് വരാതെ സംസ്ഥാനത്തെ സ്കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ കേരള സർക്കാരിന് സുപ്രീം കോടതിയുടെ ഉപദേശം. അപ്പർ ഡിവിഷൻ ക്ലാർക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള ഹർജി നൽകിയതിന് ജഡ്‍ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേരള സർക്കാരിനെ വിമർശിച്ചത്.
താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എൻ.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് വിഷയം. എൽഡി ക്ലാർക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ചു കൊണ്ടായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. ഹൈക്കോടതിയും ഇതു ശരിവച്ചു. തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ചയുടൻ ഇതു സുപ്രീം കോടതി ഇടപെടേണ്ട വിഷയമാണോയെന്ന് ബെഞ്ച് ചോദിച്ചു. കുറച്ചുകൂടി നല്ല കാര്യങ്ങൾ എന്തെങ്കിലും ചെയ്തുകൂടേ? – കോടതി ചോദിച്ചു. സ്ഥാനക്കയറ്റ സമയത്തു ഉദ്യോഗസ്ഥൻ വേതനമില്ലാത്ത അവധിയിലായിരുന്നെന്നും സീനിയോറിറ്റി തിരികെ ജോലിയിൽ പ്രവേശിച്ച സമയം മുതൽ ആക്കുകയാണ് ചെയ്തതെന്നും സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് അമീദ് വാദിച്ചു.
