തിരുവനന്തപുരം: ജനജീവിതം താറുമാറാക്കിക്കൊണ്ട് ദിനം പ്രതി പെട്രോള്‍, ഡീസല്‍, പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വമാണെന്ന് ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
കുടുംബ ബജറ്റ് താളം തെറ്റുന്ന വിധം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെയ്ക്കുന്ന ഇന്ധന വിലവര്‍ദ്ധനവില്‍ നിന്നും ആശ്വാസമേകാന്‍ കേരള സര്‍ക്കാര്‍ നികുതി ഇളവ് നല്കാന് തയ്യാറാകുന്നില്ല. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മരം കൊള്ള നടത്തുന മാഫിയകളെ സഹായിക്കുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് . സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ കഴിയുന്നില്ല. ഗാര്‍ഹിക പീഡന കേസുകള്‍ കൂടി വരുന്നു. രണ്ടാം മോദി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും തുടര്‍ പരാജയമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലോക്കല്‍, മണ്ഡലം, ജില്ലാ കേന്ദ്രങ്ങളില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ആര്‍എസ്പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന് എം പി അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷിബു ബേബി ജോണ്‍, ബാബു ദിവാകരന്, കെ.എസ്.സനല്‍കുമാര്‍, കെ.ജയകുമാര്‍, പി.ജി.പ്രസന്നകുമാര്‍ , വി.ശ്രീകുമാരന്‍ നായര്‍, ഇല്ലിക്കല്‍ അഗസ്തി, കെ.സിസിലി, കെ.എസ്.വേണുഗോപാല്‍, അഡ്വ. ബി. രാജശേഖരന്, കെ.റജികുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍, ജോര്‍ജ്ജ് സ്റ്റീഫന്‍, അഡ്വ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഹരീഷ് ബി നമ്പ്യാര്‍, തോമസ് ജോസഫ് , അഡ്വ. കെ.എസ്. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
