തിരുവനന്തപുരം: അതിവേഗ റെയില്‍ പാത പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുകയും കേരളത്തെ നെടുകെ വെട്ടി മുറിക്കുകയും ചെയ്യും. കെ റെയില്‍ പദ്ധതി അപ്രായോഗികമാണെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. ഈ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് എം കെ മുനീര്‍ അദ്ധ്യക്ഷനായ സമിതി യുഡിഎഫ് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി.
കെ റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതെന്നതും ശ്രദ്ധേയമാണ്.
കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതിവേഗ പാത ഒരുക്കുന്നതിന്, പരന്ന പ്രതലത്തില്‍ 4 മീറ്റര്‍ ഉയരത്തിലും ചതുപ്പില്‍ 10 മീറ്റര്‍ ഉയരത്തിലും ട്രാക്ക് നിര്‍മ്മിക്കേണ്ടതുണ്ട്. ഈ നടപടി കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിനെയും ഇത് ബാധിക്കും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും.
ഇത്രയും ചെലവില്‍ നിര്‍മ്മിക്കുന്ന റെയിലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതിനാല്‍ മറ്റ് ട്രെയിനുകള്‍ക്ക് ഓടാന്‍ കഴിയില്ല. നിലവിലുള്ള റെയില്‍വേ ലൈനുകളുടെ നവീകരണവും കുറഞ്ഞ ചെലവില്‍ എയര്‍ കണക്റ്റിവിറ്റിയും ഉപസമിതി നിര്‍ദ്ദേശിച്ച ബദലുകളാണ്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയില്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി യാഥാര്‍ഥ്യമായാല്‍ നാല് മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര ചെയ്യാനാവുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നത്. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഏജന്‍സിയെ വെച്ചിരുന്നു. പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഉപസമിതി റിപ്പോര്‍ട്ടില്‍ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമതീരുമാനമെടുക്കും.
