കെ.പങ്കജാക്ഷൻ ഓർമ്മ ദിനം ആഗസ്റ്റ് 28

  • കുളക്കട പ്രസന്നൻ

നിഷ്കളങ്കമായ ചിരിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടും സാഹസികതയും ഒത്തുച്ചേർന്ന മനുഷ്യ സ്നേഹിയായിരുന്നു സഹപ്രവർത്തകരുടെയും പാർട്ടിക്കാരുടെയും പങ്കയണ്ണൻ എന്ന കെ.പങ്കജാക്ഷൻ. പുറമെ പരുക്കനെന്ന് തോന്നുമെങ്കിലും പക്വതയാർജ്ജിച്ച സംഘാടകൻ, സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക്‌ പോലും സഹായകരമാകുന്ന പദ്ധതികൾക്ക് രൂപം നൽകി ആവിഷ്കരിച്ച ഭരണാധികാരി, സമരമുഖത്തെ വിപ്ലവകാരി തുടങ്ങിയ ഗുണസമ്പന്നമായ പ്രതിഭയായിരുന്നു കെ. പങ്കജാക്ഷൻ.

അഴിമതിയുടെ കറ പുരളാത്ത നേതാവും രാഷ്ട്രീയ ധാർമ്മികത ഉയർത്തി പിടിച്ച വ്യക്തിത്വവുമായിരുന്നു കെ.പങ്കജാക്ഷൻ. വിദ്യാർത്ഥിയായിരിക്കെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായ അദ്ദേഹം ദിവാൻ സി പി രാമസ്വാമിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെയും ശബ്ദിച്ചു. ഉത്തരവാദ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തിരുവനന്തപുരം പേട്ടയിൽ 1947 ജൂലൈ 13ന് കെ.പങ്കജാക്ഷൻ ഉൾപ്പെടെയുള്ളവർ സംഘടിപ്പിച്ച പൊതുയോഗത്തിനു നേർക്ക് പോലീസ് വെടിവയ്പ്പുണ്ടായി. അന്ന് വിദ്യാർത്ഥിയായിരുന്ന രാജേന്ദ്രൻ വെടിയേറ്റു മരിച്ചു.

സർ സിപി യെ വധിക്കുന്നതിനായി കെ സി എസ് മണി വിപ്ലവ കമ്മിറ്റിയുടെ തീരുമാനപ്രകാരം തിരുവനന്തപുരം തമ്പാന്നൂരിൽ വ്യാജപേരിൽ താമസിക്കുമ്പോൾ ഡൽഹിയിലായിരുന്ന സർ സി പി രാമസ്വാമി തിരികെ എത്തിയോ എന്നറിയാനുള്ള ചുമതല കെ.പങ്കജാക്ഷനായിരുന്നു. ആ വിവരം കൃത്യമായി കെ.പങ്കജാക്ഷൻ കെ സി എസ് മണിയെ അറിയിക്കുകയും ചെയ്തു. 1947 ജൂലൈ 25 ന് കെസിഎസ് മണി സർ സി.പിയെ വെട്ടി നാടുകടത്തി.
ഇ എം എസ് സർക്കാർ തൊഴിലാളി യൂണിയനുകളോട് സ്വീകരിച്ചു വന്ന ഇരട്ടത്താപ്പിൽ ആർ എന് പി നടത്തി നടത്തി വന്ന വ്യാഴാഴ്ച സമരത്തിൽ (1959) കെ.പങ്കജാക്ഷൻ്റെ നേതൃപാടവം പ്രശംസിക്കപ്പെട്ടു. 1958 ജൂലൈ 26 ന് കൊല്ലം ചന്ദനത്തോപ്പിൽ ആർ എസ് പിയുടെ കശുവണ്ടി തൊഴിലാളി യൂണിയൻ്റെ സമരത്തിൽപ്പെട്ട രാമനും സുലൈമാനും പോലീസ് വെടിയേറ്റ് മരിച്ച സംഭവം ഉൾപ്പെടെ വ്യാഴാഴ്ച സമരത്തിനു കാരണമായി.

സ്പോർട്സ് രംഗത്തോട് അതീവ തല്പരനായിരുന്ന കെ.പങ്കജാക്ഷൻ നല്ലൊരു വോളിബോൾ കളിക്കാരനായിരുന്നു. അദ്ദേഹം വളരെക്കാലം വോളിബോൾ അസോസിയേഷന്റെതലപ്പത്തുണ്ടായിരുന്നു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കെ.പങ്കജാക്ഷൻ സ്പോർട്സ് കാര്യത്തിൽ വലിയ സ്വപ്നങ്ങൾ പുലർത്തിയിരുന്നു. അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ സ്പോർട്സ് മേഖലയ്ക്ക് പുത്തനുണർവ്വ് തന്നെയുണ്ടായി. സംസ്ഥാനത്തെ ആദ്യ കായിക മന്ത്രിയാണ് കെ. പങ്കജാക്ഷൻ.


1976 ജനുവരി 19ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി ടി.കെ.ദിവാകരൻ നിര്യാതനായതിനെ തുടർന്നാണ് കെ.പങ്കജാക്ഷൻ മന്ത്രിയാവുന്നത്. സി. അച്യുതമേനോൻ , കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ, ഇ.കെ.നായനാർ മന്ത്രിസഭകളിൽ കെ.പങ്കജാക്ഷൻ മന്ത്രിയായി. 1980 ലെ മന്ത്രിസഭാ കാലയളവിൽ കെ.പങ്കജാക്ഷൻ സർക്കാർ ചീഫ് വിപ്പായിരുന്നു.
1970 ലും 1977 ലും തിരുവനന്തപുരം വെസ്റ്റിലും 1980, 1982,1987 കാലയളവിൽ ആര്യനാട് നിന്നും എം എൽ എയായി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യനാട് നിന്നും കെ.പങ്കജാക്ഷൻ തോറ്റു. ഈ പരാജയത്തിനു ശേഷം കെ.പങ്കജാക്ഷൻ മത്സരിച്ചിട്ടില്ല.

സാഹസികതയും തന്റേടവും കൈമുതലാക്കിയ കെ.പങ്കജാക്ഷൻ പൊതു പ്രവർത്തനം സംശുദ്ധമായിരിക്കണമെന്ന നിർബന്ധബുദ്ധി അവസാന ശ്വാസം വരെ പുലർത്തിപ്പോന്നു. സമരപാതയിൽ നിന്നും വേറിട്ട ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെ.പങ്കജാക്ഷൻ നടത്തിയ സമരങ്ങളിൽ ചവറ മിനറൽസ് തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1955 ഒക്ടോബർ 5 ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചും തിരുവനന്തപുരം റബ്ബർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരവും ചിലതു മാത്രം.

സർ. സി പി യുടെ ജന വിരുദ്ധ ഭരണത്തിനെതിരെ പ്രക്ഷോഭകാരിയായി രംഗത്തു വന്ന കെ.പങ്കജാക്ഷൻ എൻ.ശ്രീകണ്ഠൻ നായർ , ബേബി ജോൺ, ടി.കെ.ദിവാകരൻ, കെ.ബാലകൃഷ്ണൻ തുടങ്ങിയ സമാന ചിന്താഗതിക്കാരോടൊപ്പം കെ.എസ്.പി യിലും പിന്നീട് ആർ എസ് പി നേതൃനിരയിലും പ്രവർത്തിച്ചു. ആർ എസ് പിയുടെ സംസ്ഥാന സെക്രട്ടറിയും പിൽക്കാലത്തു മുന്നു തവണ ദേശീയ ജനറൽ സെക്രട്ടറിയുമായിട്ടുണ്ട്. കേരളത്തിൽ നിന്നും ആർ എസ് പി ദേശീയ ജനറൽ സെക്രട്ടറിമാരായതിൽ കെ.പങ്കജാക്ഷനു പുറമെ ബേബി ജോൺ, പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ എന്നിവരാണ്.

കായിക വിനോദങ്ങളെ സമ്പുഷ്ടമാക്കുന്നതിലും രാജ്യത്തോടുള്ള കടമയിലും സമൂഹത്തോടുള്ള പ്രതിബദ്ധതയിലും പഠനത്തിലുള്ള സാമർത്ഥ്യത്തിലും മുന്നിട്ടു നിന്ന കെ.പങ്കജാക്ഷൻ അതിവേഗം പൂർണ്ണ സമയ പൊതുപ്രവർത്തനത്തിന്റെ പതാക വാഹകനായി. താൻ നേടിയ നിയമ പoനം സാധാരണക്കാർക്കു ഉപയുക്തമാകുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. അതു വഴി ഒരു രാഷ്ട്രീയ നീതിപുരുഷനെ സമൂഹം ഏറ്റെടുത്തു. തൊഴിലാളികളോടും പാവപ്പെട്ടവരോടും സ്നേഹം പുലർത്തിയ മനുഷ്യസ്നേഹി ഓർമ്മയായിട്ട് ആഗസ്റ്റ് 28ന് 9 വർഷമാകുന്നു.

1928 ജനുവരി 25ന് ജനിച്ച കെ.പങ്കജാക്ഷൻ 2012 ആഗസ്റ്റ് 28ന് വിടവാങ്ങി.

  • കുളക്കട പ്രസന്നൻ
    9400 184149

Leave a Reply

Your email address will not be published. Required fields are marked *