ചെന്നൈ: കൊവിഡ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാട് സർക്കാർ. ആൾക്കൂട്ടം കൂടിയതിനും വിലക്ക് ലംഘിച്ച് ചടങ്ങുകൾ നടത്തിയതിനും ലോക്ഡൗൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നതിനും മറ്റും എടുത്ത കേസുകളാണ് റദ്ദാക്കിയത്.
ഇത്തരത്തിലുള്ള കേസുകൾ റദ്ദാക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പൊലീസുകാർക്കെതിരായ അതിക്രമം, വ്യാജ ഇ പാസ് തയ്യാറാക്കൽ മുതലായ കുറ്റങ്ങൾക്കെടുത്ത കേസുകൾ നിലനിൽക്കും. കേസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി തമിഴ്നാട് ഡിജിപി പി.ശൈലേന്ദ്രബാബു അറിയിച്ചു.
