തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍ നല്‍കിത്തുടങ്ങും. ഒന്നര വയസ്സില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കും. രണ്ടാം ഡോസ് മൂന്നര വയസ്സിലും മൂന്നാം ഡോസ് ഒമ്പതാം വയസ്സിലുമാണ് നല്‍കുക.
രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിലവില്‍ നല്‍കുന്ന ന്യുമോണിയ വാക്സിനാണ് ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തെ കുട്ടികള്‍ക്കും നല്‍കുന്നത്. അടുത്ത കൊവിഡ് തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ന്യുമോണിയ വാക്സിനേഷന്‍. ന്യുമോ കോക്കല്‍ കോണ്‍ജുഗേറ്റ് എന്ന വാക്‌സിനാണ് നല്‍കുക.
2017ലാണ് രാജ്യത്ത് ആദ്യമായി ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു വാക്‌സിന്‍ വിതരണം. ഇതാണ് ഇപ്പോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നത്. കുട്ടികളിലെ ന്യൂമോണിയാ ബാധയും അതിനെ തുടര്‍ന്നുള്ള മരണങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.
