കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കുന്നതിൽ എതി‌ർപ്പില്ലെന്ന് ഇരകളും ബന്ധുക്കളും

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരകളും കുടുംബാംഗങ്ങളും. മണിച്ചൻ മരുന്ന് കൊടുത്തുയെന്നത് സത്യമാണ്. പക്ഷേ മണിച്ചനാണ് അത് കൊടുത്തതെങ്കിലും അത് മണിച്ചനെ പറ്റിച്ചതാണെന്ന് സംഭവത്തിലെ ഇരയായ വിശ്വംഭരൻ പറഞ്ഞു. മദ്യ ദുരത്തിൽ ശാരീരക പ്രശ്‌നങ്ങളുണ്ടായ വ്യക്തിയാണ് വിശ്വംഭരൻ

ഈ സാധനംകൊണ്ടു വന്നത് ആരാണെന്ന് വച്ചാൽ അവരാണ് ഇതിന്റെ പ്രധാന കണ്ണി. ഈ സാധാനം മണിച്ചന്റെ ഗോഡൗലേക്കാണ് വന്നത്. ആ വന്ന മരുന്നാണ് കല്ലുവാതുക്കലിലേക്ക് ഉൾപ്പെടെ എത്തിച്ചത്. അത് കൊടുത്തുവെന്നുള്ള പ്രശ്‌നം മാത്രമെ മണിച്ചനെ സംബന്ധിച്ചുള്ളു. അതുകൊണ്ട് മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും വിശ്വംഭരൻ പറഞ്ഞു.

മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മദ്യദുരന്തത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബവും പ്രതികരിച്ചു. ഞങ്ങൾക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി മോചിപ്പിക്കുന്നതിൽ ഞങ്ങൾക്ക് എന്തിനാണ് എതിർപ്പ്. മോചിപ്പിക്കുന്നതാണ് നല്ലത്. അതിൽ കാര്യമായ എതിർപ്പില്ലെന്നും ഇരകളുടെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം, മണിച്ചനെ മോചിപ്പിക്കുന്നതിൽ നാല് ആഴ്ചകൾക്കകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി. ജസ്റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

മണിച്ചന്റെ മോശനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദ്ദേശം. പേരറിവാളൻ കേസ് പരാമർശിച്ച കോടതി അത് ഓർമയുണ്ടാവണമെന്നും സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *