കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ ഇ എസ് മേനോന്‍ സ്മാരക പുരസ്‌കാരദാനവും നടന്നു

കൊച്ചി: കൊച്ചി റിഫൈനറീസ് ഫിനാന്‍സ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോന്‍ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടന്നു. മേള കുലപതി പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും ഇ.എസ്. മേനോന്റെ പത്‌നി ജയശ്രീ മേനോനും ചേര്‍ന്ന് ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഇ.എസ്. മേനോന്‍ സ്മാരക സംഗീതശ്രീ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു. യുവ സംഗീതജ്ഞര്‍ക്ക് ഏര്‍പ്പെടുത്തിയ സംഗീത പ്രതിഭ പുരസ്‌കാരം സുദീപ് പാലനാടിന്  പ്രമുഖ കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. ശ്രീവത്സന്‍ ജെ. മേനോന്‍ സമ്മാനിച്ചു.  25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഗുരുവായൂര്‍, ശബരിമല മുന്‍ മേല്‍ശാന്തി എഴിക്കോട് സതീശന്‍ നമ്പൂതിരി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി എഴിക്കോട് ഹരി നമ്പൂതിരി, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി സുദീപ് പാലനാടിന്റെ ഫ്യൂഷന്‍ സംഗീത പരിപാടിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *