കലാഭവന്‍ മണിയും നടി ഇന്ദ്രജയും തമ്മിലെന്തായിരുന്നു?

മലയാളത്തില്‍ ഒരു പിടി നല്ല സിനിമകള്‍ ചെയ്ത നടിയാണ് ഇന്ദ്രജ. ഇപ്പോഴിതാ കലാഭവന്‍ മണിയും താനും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ഇന്ദ്രജ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
നല്ലൊരു സുഹൃത്ത് അതായിരുന്നു മണി ചേട്ടന്‍. ഏകദേശം നാലോ അഞ്ചോ ചിത്രങ്ങള്‍ ചെറിയ ഗ്യാപ്പിനിടയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞു പോയപ്പോള്‍ മലയാള സിനിമയുമായുള്ള ടച്ചും വിട്ടുപോയി. ആരുടേയും ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഇത്രയും വ്യാപകമായിരുന്നില്ല. പക്ഷെ മണിച്ചേട്ടന്റെ മരണം എനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ പിന്നീട് കണ്ടിരുന്നില്ല, കേള്‍ക്കുന്നത് ഈ മരണ വാര്‍ത്തയും. വലിയൊരു സൗഹൃദം ഉണ്ടായിരുന്നു അദ്ദേഹത്തോട്. എന്തെങ്കിലും ഒന്ന് ചോദിക്കണമെങ്കില്‍ അതിനൊരു ആളുണ്ടായിരുന്നു അതാണ് മണി ചേട്ടന്‍. എന്തെങ്കിലും ഒരു പ്രോഗ്രാം വന്നാല്‍ മണിച്ചേട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാം വന്നിട്ടുണ്ട്, അത് ഞാന്‍ ചെയ്യണോ, അല്ലെങ്കില്‍ ഇവര്‍ സ്റ്റാര്‍ നെറ്റിന് വിളിച്ചു അത് ഞാന്‍ ചെയ്യണോ ഇങ്ങിനെ ഉള്ള കാര്യങ്ങള്‍ ഒക്കെ ചോദിയ്ക്കാന്‍ ഒരാള്‍ വേണ്ടേ. അത്തരത്തില്‍ ഒരു വളരെ വലിയ സൗഹൃദം ഉണ്ടായിരുന്ന ആളായിരുന്നു, എനിക്ക് മാത്രമല്ല എല്ലാവര്ക്കും മണിച്ചേട്ടന്‍ അങ്ങിനെ തന്നെ ആയിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു ആ മരണം. വളരെ നല്ലൊരു ആര്‍ട്ടിസ്റ്റായിരുന്നു, ഇപ്പോള്‍ കൂടെ ഇല്ല എന്നത് നല്ല വിഷമം ഉണ്ടാകുന്ന കാര്യമാണ്. പഴയ സിനിമകള്‍ ഒന്നും കാണാറില്ല, പാട്ടുകള്‍ ഒക്കെ ഇടയ്ക്ക് കേള്‍ക്കുമെന്ന് ഇന്ദ്രജ പറയുന്നു.

പരിപാടിയ്ക്കിടയില്‍ കലാഭവന്‍ മണിയും ഇന്ദ്രജയും ഒന്നിച്ച് അഭിനയിച്ച ബെന്‍ ജോണ്‍സന്‍ എന്ന ചിത്രത്തിലെ ‘ഇനിയും മിഴികള്‍ നിറയരുതേ’ എന്ന ഗാനം പ്‌ളേ ചെയ്തപ്പോള്‍ ഇന്ദ്രജ കരയുകയായിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കലാഭവന്‍ മണി എന്ന അതുല്യകലാകാരന്റെ വിടവാങ്ങല്‍ തീര്‍ത്ത ശൂന്യതയെക്കുറിച്ച് സംസാരിക്കുന്നത്. ‘നല്ല മനുഷ്യരെ ദൈവം പെട്ടന്ന് വിളിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്, ചിലര്‍ ഇല്ലാതെ ആവുമ്പോള്‍ ആണ് ശരിക്കും അവര്‍ എന്തായിരുന്നു എന്ന് മനസിലാവുന്നത്. മണി ചേട്ടന്‍ തിരിച്ചു വന്നിരുന്നെങ്കില്‍, ഒരു കംപ്ലീറ്റ് ആക്ടര്‍ ആയിരുന്നു മണിച്ചേട്ടന്‍ എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായം.

മലയാള സിനിമയില്‍ നികത്താനാവാത്ത വിടവ് സമ്മാനിച്ചു മണ്മറഞ്ഞു പോയ നിരവധി കലാകാരന്മാരുണ്ട്. അതില്‍ ഒരാളാണ് കലാഭവന്‍ മണി. ആ മണിനാദം നിലച്ചിട്ട് 7 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കാന്‍ കഴിയാത്ത ഒരു മുഖമാണ് കലാഭവന്‍ മണിയുടേത്. അഭിനയത്തെയും നാടന്‍പാട്ടിനെയും എത്രയധികം സ്‌നേഹിച്ചിരുന്ന ആ കലാകാരന്‍ ഇന്നും ഓരോ മലയാളിയുടെയും മനസ്സില്‍ ജീവിക്കുകയാണ്. കലാഭവന്‍ മണിയെ കുറിച്ച് വാതോരാതെ സംസാരിക്കാത്ത ഒരു സഹപ്രവര്‍ത്തകരും ഇല്ല. കൈരളി ടിവിയുടെ ജംഗ്ഷന്‍ എന്ന പരിപാടിയില്‍ കലാഭവന്‍ മണിയെ കുറിച്ച് മുന്‍പൊരിക്കല്‍ നടി ഇന്ദ്രജ സംസാരിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഇന്നും വൈറലാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *