കലകളില്‍ പുതുവിസ്മയം രചിക്കാന്‍ 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക്

തിരുവനന്തപുരം: കലാവൈവിധ്യങ്ങളുടെ വിസ്മയലോകത്തേയ്ക്ക് നാളെ (വെള്ളി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 100 ഭിന്നശേഷികളെത്തുന്നു.  പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി പരിമിതികളെ അതിജീവിക്കുവാനുള്ള പ്രത്യേക പരിശീലനത്തിനാണ് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലേയ്‌ക്കെത്തുന്നത്.  

ഇത്തരം കുട്ടികള്‍ക്കായി തയ്യാറാക്കിയ സ്‌പെഷ്യല്‍ കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് മാജിക്, സംഗീതം, നൃത്തം, അഭിനയം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളില്‍ ഒരു വര്‍ഷം നീളുന്ന പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നത്.  കൂടാതെ അഗ്രികള്‍ച്ചറല്‍ തെറാപ്പി, സ്പോര്‍ട്സ് സെന്റര്‍, വിവിധ തെറാപ്പികള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കും.  

പുതിയ കുട്ടികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മാജിക് പ്ലാനറ്റില്‍ ക്രമീകരിച്ചിക്കുന്നത്.  

പ്രവേശനോത്സവം വെള്ളി രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.  

ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമിയുടെ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കേരള സ്റ്റേറ്റ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി അഗസ്റ്റി, സി.ഇ.ഒ സൂരജ് രവിന്ദ്രന്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ജയഡാളി, പിന്നണിഗായിക മഞ്ജരി, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നവാഗതരെ സ്വീകരിക്കും.

ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനും ഇവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനുമായി മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹകരണത്തോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ 2019 മുതല്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തിച്ചുവരികയാണ്.  

മാജിക്, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ കലകളില്‍ പരിശീലനം നടത്തി അത് ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പരിപൂര്‍ണതയോടെ അവതരിപ്പിച്ചുവരികയാണ്.  ഇതിന്റെ ഫലമായി ഈ കുട്ടികളുടെ ആരോഗ്യ ബൗദ്ധിക മാനസിക നിലകളില്‍ ഏറെ മാറ്റമുണ്ടാവുകയും ചെയ്തു.  

ഈ പുരോഗതി സര്‍ക്കാര്‍ ഏജന്‍സികളായ ഐക്കണ്‍സ്, സി.ഡി.സി എന്നിവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുകയുമാണ്.  ഈ സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് ഈ മാറ്റം എത്തിക്കുന്നതിനായി പുതിയൊരു ബാച്ച് കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് 100 കുട്ടികളെ കൂടി പ്രവേശനം നല്‍കുവാന്‍ തീരുമാനിച്ചത്. രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്നും ഓഡിഷന്‍ നടത്തിഏറ്റവും അനുയോജ്യരായ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *