കറുപ്പ് കർഷകരെ ഭയപ്പെടുത്തി കൃഷിയിടങ്ങളിൽ തത്തക്കൂട്ടം. ഇന്ത്യയിൽ നിരോധിച്ച ലഹരി പദാർത്ഥമായ കറുപ്പ് പ്രത്യേകം ലൈസൻസ് എടുത്ത് കൃഷി ചെയ്ത് വരുന്ന കർഷകർക്കാണ് ഈ തത്ത കൂട്ടത്തിന്റെ ഭീഷണി. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയില്‍ നടത്തുന്ന ഈ കൃഷിയാണിത്.
മയക്കുമരുന്നായ ഹെറോയില്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പ് അഥവാ ഒപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്. മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ കർഷകരാണ് ഇത്തരത്തിൽ കൃഷി ചെയ്ത് വരുന്നത്. പാടത്തു പറന്നെത്തി ആവശ്യത്തിനു കറുപ്പ് കഴിച്ച് പിന്നെ എട്ടോ പത്തോ മണിക്കൂര്‍ മരക്കൊമ്പില്‍ പോയി ഉറങ്ങുകയാണ് തത്തകളുടെ പണി. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍ കൊത്തി തിന്നുന്നത്. കൂട്ടമായെത്തുന്ന തത്തകൾ ചെടിയ്ക്കു കാര്യമായ നാശമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ലഹരി കഴിക്കുന്നതു മൂലം പലപ്പോഴും ഇവയുടെ ജീവന് അപകടത്തിലാകാറുണ്ട്. കറുപ്പ് തിന്നു മയങ്ങിയിരിക്കുമ്പോള്‍ മറ്റു ജീവികള്‍ക്കിരയാകാന്‍ വളരെയെളുപ്പമാണ്.
