മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി .കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയില്‍ മുഹമ്മദ് നിസാബ് (മാനു 24)നെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘം പിടികൂടിയത്.സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി മുംബൈയിലേക്ക് കടന്ന പ്രതി പിന്നീട് തിരിച്ചെത്തി വാവാട് ഒരു മലമുകളിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നമ്പറില്ലാത്ത സ്‌കൂട്ടറിലായിരുന്നു ഇയാളുടെ സഞ്ചാരം .പിടിക്കപ്പെടാതിരിക്കാന്‍ സുഹൃത്തുക്കളുടെ മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
ഇയാള്‍ക്ക് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളുമായും അടുത്ത ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഇതോടെ കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 35 ആയി. കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.
