തിരുവനന്തപുരം: കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. ആറ്റിങ്ങലില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തതിന് നഗരസഭാ ജീവനക്കാര്‍ മീന്‍ കുട്ടയെടുത്തെറിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം. മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി വലിയതുറ സ്വദേശി മരിയ പുഷ്പം പറഞ്ഞു.
ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരും മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് മരിയ പുഷ്പം പറഞ്ഞു. നഷ്ടമായ മീനിന്റെ പണം പിരിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കരമന പൊലീസും പറഞ്ഞു.
