കന്യാസ്ത്രീകൾക്കും അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കും ജൂൺ മാസത്തിൽ റേഷൻ കിറ്റ് നൽകാൻ ഉത്തരവിറങ്ങി

പാലാ: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീമഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്കു ജൂൺ മാസത്തിൽ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യാൻ അനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. കോവിഡ് 19 രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കു ജൂൺ മാസത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സൗജന്യ കിറ്റിലെ അതേ ഇനങ്ങൾ അതേ അളവിൽ ഉൾപ്പെടുത്തി നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന രീതിയിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനും ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി റേഷൻ ആനുകൂല്യത്തിന് അർഹത ലഭിക്കാത്ത വിഭാഗമായിരുന്നു കന്യാസ്ത്രീകളടക്കമുള്ളവർ. ഇത് ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ എം എൽ എയാണ് ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 2020 മെയ് 25 ന് കോട്ടയം കളക്ട്രേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കോവിഡ് അവലോകന വീഡിയോ കോൺഫ്രൻസിലാണ് മാണി സി കാപ്പൻ ഈ വിഷയം ഉന്നയിച്ചത്. സമൂഹത്തിൻ്റെ ഭാഗമായ ഈ വിഭാഗക്കാരെ അവഗണിക്കുന്നത് അനീതിയാണെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഭക്ഷ്യമന്ത്രിയായിരുന്ന പി തിലോത്തമന് നിവേദനം നൽകി. ഇതേത്തുടർന്നാണ് സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *