ഓലയുടെ സ്കൂട്ടറുകൾക്ക് തീപിടിച്ചെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ. റിവേഴ്‌സ് പോവുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അടുത്തകാലത്തായി ഇതേ വിഷയത്തില്‍ മൂന്ന് ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജബല്‍പുര്‍ സ്വദേശി പല്ലവ് മഹേശ്വരിയാണ് തന്റെ പിതാവിനുണ്ടായ ദുരനുഭവം വിവരിച്ച് രംഗത്തെത്തിയ ഒരാൾ.
പല്ലവ് മഹേശ്വരിയുടെ 65കാരനായ പിതാവിനാണ് ഓല എസ്1 പ്രൊ റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്യുന്നതിനിടെ പെട്ടെന്ന് വേഗം വര്‍ധിച്ച് അപകടം ഉണ്ടായത്. റിവേഴ്‌സ് മോഡില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലേറെ വേഗത്തില്‍ സ്‌കൂട്ടര്‍ കുതിച്ചു. ഇതോടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറില്‍നിന്നു വീണ് പല്ലവ് മഹേശ്വരിയുടെ പിതാവിന് സാരമായ പരിക്കേല്‍ക്കുകയായിരുന്നു. ഓലയുടെ സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങളാണ് ഈ അപകടത്തിന് കാരണമായതെന്നാണ് പല്ലവ് മഹേശ്വരി ആരോപിക്കുന്നത്. എന്നാൽ തങ്ങളുടെ സ്‌കൂട്ടറുകളില വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റി(VCU)ലാണ് പ്രശ്‌നമുള്ളതെന്നും സോഫ്റ്റ്‌വെയറിന് കുഴപ്പമില്ലെന്നുമാണ് ഒല ഇലക്ട്രിക്കിന്റെ അവകാശവാദം. വിസിയുവില്‍ കുഴപ്പമുള്ള സ്‌കൂട്ടറുകള്‍ ഒല ഇലക്ട്രിക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
റിവേഴ്‌സ് മോഡിലുള്ളപ്പോള്‍ മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗം തന്റെ ഓല സ്‌കൂട്ടര്‍ കാണിക്കുന്നുവെന്ന് മലായ് മൊഹ്പത്ര എന്ന ഉപഭോക്താവും ട്വീറ്റ് ചെയ്തിരുന്നു. ഈ പ്രശ്‌നം കാരണം തന്റെ സ്‌കൂട്ടറും അപകടത്തില്‍ പെട്ടെന്നും മലായ് പറഞ്ഞിരുന്നു.
ഗുവാഹത്തിയില്‍ നിന്നുള്ള ഓല എസ് 1 പ്രോ ഉപഭോക്താവ് ബൽവന്ത് സിങ്ങും പരാതി ഉന്നയിച്ചിരുന്നു. ബല്‍വന്തിന്റെ മകനാണ് അപകടത്തില്‍പെട്ടത്. സ്പീഡ് ബ്രേക്കറിനടുത്ത് വെച്ച് ബ്രേക്ക് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിന് വേഗം കൂടിയെന്നും തുടര്‍ന്ന് അപകടമുണ്ടായെന്നുമായിരുന്നു ബല്‍വന്ത് സിങ്ങിന്റെ പരാതി.
