ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച കോള്‍ സെന്റര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 155260 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാം.

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസം കൂടാതെ പരാതി നല്‍കാന്‍ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് കോള്‍ സെന്റര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് മാത്രമല്ല തട്ടിപ്പിനെക്കുറിച്ച് അറിയുന്നവര്‍ക്കും കോള്‍ സെന്ററുമായി ബന്ധപ്പെടാം. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെ ബാങ്ക് അധികാരികള്‍ക്ക് കൈമാറും, അങ്ങനെ ഈ അക്കൗണ്ട് ഉപയോഗിച്ച് അനധികൃതമായി പണം കൈമാറ്റം ചെയ്യുന്നത് തടയാനാകും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസിന് കൈമാറും. കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *