ഹരിദ്വാര്‍: മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഹരിദ്വാര്‍ സ്വദേശികളായ ദമ്പതി രംഗത്ത്. തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ നല്‍കണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഉത്തരാഖണ്ഡിലാണ് സംഭവം.
മകന്റെ പഠനത്തിനായി സമ്പാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയില്‍ വിട്ട് പഠിപ്പിച്ചു. വീട് വയ്ക്കുന്നതിനായി ലോണ്‍ എടുക്കേണ്ടി വന്നു. അതിനാലിപ്പോള്‍ സാമ്പത്തികമായി തകര്‍ച്ചയിലാണെന്നും ദമ്പതികള്‍ വാദിക്കുന്നു്. ഇക്കാരണത്താല്‍ ഒന്നുങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ഒരു പേരക്കുഞ്ഞിനെ നല്‍കണം അല്ലെങ്കില്‍ മകനും മരുമകളും രണ്ടര കോടി രൂപ വീതം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
2016ലാണ് മകനും മരുമകളും വിവാഹിതരായത്. ഞങ്ങള്‍ക്ക് കുട്ടി ആണായാലും പെണ്ണായാലും പ്രശ്‌നമില്ല. പക്ഷേ ഒരു പേരക്കുട്ടിയെ നല്‍കിയേ മതിയാവൂ എന്നാണ് പിതാവ് എസ് ആര്‍ പ്രസാദ് പറയുന്നത്. ആധുനിക സമൂഹത്തിന്റെ സത്യമാണ് ഈ കേസിലൂടെ വ്യക്തമാവുന്നതെന്ന് ദമ്പതികളുടെ അഭിഭാഷകനായ എ കെ ശ്രീവാസ്തവ കോടതിയില്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി സമ്പാദ്യമെല്ലാം ചെലവഴിക്കുന്നു. നല്ല സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നതിനായി പ്രാപ്തരാക്കുന്നു. മാതാപിതാക്കള്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനായി കടപ്പെട്ടവരാണ് മക്കളെന്നും ശ്രീവാസ്തവ പറഞ്ഞു.
