യാത്രകൾ ആഗ്രഹിക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം സമയ കുറവാണ്. എന്നാൽ ഒരു ദിവസം കൊണ്ട് കുറഞ്ഞ ചെലവിൽ അതി മനോഹരമായൊരു ട്രെക്കിംഗ് നടത്തി മടങ്ങി വന്നാലോ?

പറഞ്ഞ് വരുന്നത് ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രെക്കിങിനെ കുറിച്ചാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് ത്രസിപ്പിക്കുന്ന യാത്ര ബാണാസുര മലയിലെ മീൻമുട്ടി- കാറ്റുകുന്ന്- ആനച്ചോല ഭാഗങ്ങൾ ചുറ്റിക്കറങ്ങി തിരികെ എത്തുന്ന വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ബാണാസുര ഹിൽസ്, സായിപ്പ് കുന്ന്, കാറ്റുകുന്ന് എന്നിങ്ങനെ അറിയപ്പെടുന്ന, വയനാട് ജില്ലയിലെ ബാണാസുര ഡാം. അവിടെനിന്നു കുറച്ചു മാറി മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രൻസ് കൗണ്ടറിൽനിന്ന് രാവിലെ പ്രവേശന ടിക്കറ്റ് എടുക്കാം. ഗൈഡിന്റെ സഹായത്തോടെ ഏറ്റവും പ്രകൃതിയടെ വശ്യത അനുഭവിച്ച് മടങ്ങി വരാം.

ഗൈഡ് ഫീസ് അടക്കം 2860 രൂപ നൽകിയാൽ അവർ ഒരു ഗൈഡിനെ തരപ്പെടുത്തി തരും. ആ തുകയിൽ പരമാവധി അഞ്ചുപേർക്ക് ട്രെക്ക് ചെയ്യാം. രണ്ടുപേരാണെങ്കിലും ഈ തുക കൊടുക്കണം.അധികം വരുന്ന ഓരോത്തർക്കും 425 രൂപ വീതം കൂടുതൽ നൽകണം. രാവിലെ 9 മണിക്ക് മുൻപുതന്നെ എത്തണം. അതിനു ശേഷം വരുന്നവർക്ക് അന്നു ട്രെക്കിങ് സാധ്യമല്ല, രാവിലെ എട്ടുമണിക്ക് ട്രെക്കിങ് ആരംഭിച്ചാൽ കാറ്റുകുന്ന് എന്നറിയപ്പെടുന്ന കുന്നുകയറി താഴെ എത്താൻ ഏകദേശം നാലുമണിക്കൂർ എടുക്കും. കാറ്റു കുന്നിന് മറുഭാഗത്തുള്ള സായിപ്പ് കുന്നിലേക്കുള്ള നടത്തം കുറച്ചു ബുദ്ധിമുട്ടേറിയതാണ്. അതെല്ലാം കയറിയിറങ്ങി താഴെയെത്താൻ ഏകദേശം എട്ട് മണിക്കൂർ മാത്രമാണ് വേണ്ടി വരുക.

